പൊന്നണിഞ്ഞ സിന്ധുവിന് പൊന്നും വിലയുള്ള സമ്മാനവുമായി നാഗാർജുന
Wednesday, September 18, 2019 5:06 PM IST
ബാഡ്മിന്‍റണ്‍ ലോകചാമ്പ്യൻ പി.വി. സിന്ധുവിന് തെലുങ്ക് സൂപ്പർ സ്റ്റാർ നാഗാർജുനയുടെ അപ്രതീക്ഷിത സമ്മാനം. 73 ലക്ഷം രൂപ വിലയുള്ള ബിഎംഡബ്യൂ എക്സ് 5 എസ് യുവിയാണ് നാഗാർജുന ബാഡ്മിന്‍റണിലെ ഇന്ത്യൻ താരറാണിക്ക് സമ്മാനിച്ചത്. ലോക ചാമ്പ്യൻഷിപ്പിൽ സിന്ധു പൊന്നണിഞ്ഞതിനാണ് സൂപ്പർ താരം സമ്മാനം നൽകിയത്.
ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ നടന്ന ചടങ്ങിൽ സിന്ധുവിന്‍റെ പരിശീലകൻ പുല്ലേല ഗോപീചന്ദും സന്നിഹിതനായിരുന്നു. സിന്ധുവിനെ പോലൊരു താരത്തിന് സമ്മാനം നൽകുന്നതിൽ സന്തോഷമുണ്ടെന്നും താരത്തിന്‍റെ വിജയങ്ങൾക്ക് പിന്നിൽ പരിശീലകൻ ഗോപീചന്ദിന്‍റെ നിസ്വാർഥമായ സേവനമുണ്ടെന്നും നാഗാർജുന പറഞ്ഞു.
സമ്മാനം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അടുത്ത ഒളിമ്പിക്സിൽ പൊന്നണിയാൻ എല്ലാ പ്രയത്നവും നടത്തുമെന്നും സിന്ധു വ്യക്തമാക്കി. തെലുങ്കാന ബാഡ്മിന്‍റണ്‍ അസോസിയേഷൻ വൈസ് പ്രസിഡന്‍റ് വി.ചാമുണ്ഡേശ്വരനാഥും ചടങ്ങിൽ പങ്കെടുത്തു.