ഒന്നര നൂറ്റാണ്ടു കഴിഞ്ഞിട്ടും കേടുപാടില്ല; ബ്രിട്ടീഷ് കാലത്തെ ഓട് മാട്ടുപ്പെട്ടിയിൽ കണ്ടെടുത്തു
Monday, June 24, 2019 5:29 PM IST
മാട്ടുപ്പെട്ടിയിൽനിന്നു കഴിഞ്ഞദിവസം ഒന്നരനൂറ്റാണ്ട് പഴക്കമുള്ള ഓട് കണ്ടെത്തി. മൂന്നാറിൽ ട്രെയിൻ സർവീസ് ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള പ്രാഥമിക പരിശോധനകൾ നടത്തുന്നതിനിടെയാണ് മാട്ടുപ്പെട്ടി ഡാമിൽനിന്നും ടൈൽ ലഭിച്ചത്.
കടുംചുവപ്പു നിറത്തിൽ ഒരുകാലത്ത് വീടുകളുടെ മേൽക്കൂരയിൽ പ്രൗഢിയുടെ മേലാപ്പു ചാർത്തിയിരുന്ന ഓടുകളും വീടിന്റെ അകത്തളങ്ങളിൽ നിലം ഒരുക്കിയിരുന്ന ടൈലുകളുമെല്ലാം കോണ്ക്രീറ്റിന്റെ കടന്നുവരവോടെ ചരിത്രത്തിന്റെ പിന്നാന്പുറങ്ങളിലേക്കു മാഞ്ഞുകൊണ്ടിരിക്കുകയാണ്.
മൂന്നാറിലെ മാട്ടുപ്പെട്ടി ഡാമിൽനിന്നു കഴിഞ്ഞദിവസം കണ്ടെത്തിയ ഓട്ടു ടൈൽ പഴയ കാലങ്ങളിലേക്ക് ഓർമകൾ കൊണ്ടുപോകുന്നു. മണ്നിലങ്ങളിൽനിന്നു വീടുകളുടെയും കെട്ടിടങ്ങളുടെയും അകത്തളങ്ങൾ ടൈലുകളിലേക്കു മാറിത്തുടങ്ങിയ കാലത്ത് ജർമൻ മിഷണറിയായിരുന്ന ജോർജ് പ്ലബോട്ടാണ് ടൈൽ നിർമാണത്തിന് ഇന്ത്യയിൽ തുടക്കമിട്ടത്. ഇന്ത്യയിൽതന്നെ ടൈൽ നിർമാണം സാധ്യമാക്കാനുള്ള ശ്രമങ്ങൾക്ക് അദ്ദേഹം തുടക്കംകുറിച്ചു. ബ്രിട്ടീഷ് അധീശത്വം ഇന്ത്യയിൽ തുടങ്ങിയ കാലത്തായിരുന്നു അത്.
കർണാടകയിലുള്ള നേത്രാവതി പുഴയുടെ തീരത്താണ് ഇംഗ്ലീഷുകാർ ഭൂമി അനുവദിച്ചത്. 1860-ൽ ഫാക്ടറി തുടങ്ങി അതേവർഷംതന്നെ ടൈൽ നിർമാണവും ആരംഭിച്ചു. ദി കോമൺവെൽത്ത് ട്രസ്റ്റ് ലിമിറ്റഡ് എന്നായിരുന്നു കന്പനിയുടെ പേരെങ്കിലും അധികം വൈകാതെ ബേസിൽ മിഷൻ ടൈൽ ഫാക്ടറി എന്നാക്കി മാറ്റി. ഇന്ത്യയിലെന്പാടും പിന്നീട് ടൈലുകൾ എത്തിച്ചു.
ഇംഗ്ലീഷുകാർ മൂന്നാറിലെ മലനിരകൾ കീഴടക്കി തേയിലകൃഷിയും ആരംഭിച്ചു. അതിന്റെ ആവശ്യത്തിലേക്കായി മൂന്നാറിലെ കെട്ടിട നിർമാണത്തിനും ഇത്തരത്തിൽ ടൈലകൾ എത്തിച്ചു. അങ്ങനെ എത്തിച്ച ടൈലുകളാവാം ഇതെന്ന് ചരിത്രാന്വേഷികൾ പറയുന്നു. ടൈലിൽ നിർമിച്ച വർഷവും അടയാളപ്പെടുത്തിയിട്ടുണ്ട് - 1865. ആസമയത്ത് നിർമിക്കുന്ന എല്ലാ ടൈലുകളിലും വർഷം രേഖപ്പെടുത്തുന്ന പതിവുണ്ടായിരുന്നു. അത്യുത്തമമായ ഗുണമേന്മ യുള്ളതാണ് ടൈലെന്ന് മാട്ടുപ്പെട്ടിയിൽനിന്നും ലഭിച്ച ടൈൽ സൂചിപ്പിക്കുന്നു.
വർഷങ്ങളായി വെള്ളത്തിനടിയിൽ കിടന്നിട്ടും യാതൊരു കേടും സംഭവിച്ചിട്ടില്ലായിരുന്നു. ഓടിന് കേരളത്തിൽ ആവശ്യം വർധിച്ചതോടെ പാലക്കാട്ട് കൽപാത്തി പുഴയുടെ തീരത്ത് ഫാക്ടറി തുടങ്ങുകയുംചെയ്തു. ഒന്നാം ലോക മഹായുദ്ധത്തിനുശേഷം കന്പനി ഏറ്റെടുത്ത ബ്രിട്ടീഷുകാർ ഇന്ത്യൻ സ്വാതന്ത്ര്യത്തിനുശേഷം തൊഴിലാളികൾക്കു കൈമാറിയ കന്പനി നഷ്ടമായതോടെ 1960-ൽ പൂട്ടേണ്ടിവന്നു.