ന്യൂയോർക്കിൽ ഇനി ഓൺലൈൻ വിവാഹങ്ങളുടെ കാലം; വേദിയാകാൻ "സൂം'
Monday, April 20, 2020 7:58 PM IST
കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ മൂലം നിരവധി വിവാഹങ്ങള്‍ റദ്ദാക്കേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിൽ ഓൺലൈൻ വിവാഹത്തിന് അനുമതി നൽകിയിരിക്കുകയാണ് ന്യൂയോർക്ക് ഗവർണർ ആൻഡ്രു ക്വോമോ. ന്യൂയോർക്ക് സംസ്ഥാനത്തുള്ളവർക്കാണ് ഇത്തരത്തിൽ ഓൺലൈൻ വിവാഹം നടത്താനുള്ള അനുമതി.
മുൻകൂട്ടി വിവാഹത്തിന് അനുമതി നേടിയവർക്ക് ഓൺലൈൻ വഴി ഇനി വിവാഹം നടത്താം. ഇത്തരം വിർച്വൽ വിവാഹങ്ങൾക്ക് ലൈസൻസും നൽകും. വിവാഹം കഴിക്കാനിരിക്കുന്നവർക്ക് ഇനി യാതൊരു ഒഴിവുകഴിവും പറയാനാകില്ലെന്നും ഗവർണർ പറയുന്നു. ഒരേ സമയം നിരവധി പേർക്ക് വീഡിയോ മീറ്റിംഗ് സാധ്യമാകുന്ന ഓൺലൈൻ ആപ്ലിക്കേഷൻ "സൂം' വഴിയാണ് വിവാഹം നടക്കുന്നത്.
യുഎസിൽ കോവിഡ് ഏറ്റവുമധികം വ്യാപിച്ച ന്യൂയോർക്കിൽ ലോക്ഡൗൺ മേയ് 15 വരെ നീട്ടിക്കൊണ്ട് ഗവർണർ ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഓൺലൈൻ വിവാഹങ്ങൾക്കുള്ള ഗവർണറുടെ അനുമതി. വിവാഹിതരാകുന്ന പലരും തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. അതേസമയം, ഗവർണറുടെ തീരുമാനത്തിനെതിരെ എതിർപ്പുകളും ഉയരുന്നുണ്ട്.
ന്യൂയോർക്കിൽ മാത്രം 13,000ലേറെ പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 1,34,000ലേറെ പേർക്ക് രോഗം ബാധിച്ചു. അതേസമയം, 18,018 പേർ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്.