നല്ലോണം ഉണ്ട് പൂച്ചക്കൂട്ടം..! പൂച്ചകൾക്കൊപ്പം സദ്യയുണ്ട് ബാപ്പുട്ടിയുടെ ഓണാഘോഷം
Sunday, September 15, 2019 10:45 AM IST
അനാഥ ജന്തുക്കളുടെ സംരക്ഷകനും സംസ്ഥാന സർക്കാരിന്റെ ജന്തുക്ഷേമ അവാർഡ് ജേതാവും ആയ ബാപ്പുട്ടി ഇക്കുറി തന്റെ അരുമകളായ പൂച്ചകളോടൊപ്പം സദ്യയുണ്ട് ഓണം ആഘോഷിച്ചു.
അനാഥ ജന്തുക്കളെ മക്കളെ പോലെ സ്നേഹിക്കുന്ന ബാപ്പുട്ടിക്കൊപ്പം ബാപ്പുട്ടിക്കും ജന്തുക്കൾക്കും അഭയം നൽകിയിരിക്കുന്ന വീട്ടുടമ അഡ്വ.ജോർജ് ഉമ്മനും ബാപ്പുട്ടിയുട സഹായി മുജീബും സദ്യയിൽ പങ്കെടുത്തു. പതിവ് പോലെ തൂശനില ഇട്ടായിരുന്നു സദ്യ വിളമ്പിയത്. ഒന്പത് ഇനം കറികളും രണ്ട് തരം പായസവും ഉൾപ്പെട്ടതായിരുന്നു സദ്യ.
വീട്ടിലെ 25 പൂച്ചകൾക്കും 10 നായകൾക്കും സദ്യ വിളമ്പിയ ശേഷം ബാപ്പുട്ടി സ്ഥിരമായി ഭക്ഷണം കൊടുക്കുന്ന തെരുവ് നായകൾക്ക് കൊല്ലത്തിന്റെ വിവിധ ഭാഗങ്ങളിലും സദ്യ വിളമ്പി.