"നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം'- മനുഷ്യസ്നേഹത്തിന്റെ ഉത്തമ ഉദാഹരണമായി നൗഷാദ്
Monday, August 12, 2019 11:36 AM IST
പ്രളയ ദുരിതത്തിൽ വലയുന്ന ജനങ്ങൾക്ക് തന്റെ കടയിലെ മുഴുവൻ വസ്ത്രങ്ങളും കൈമാറിയ കച്ചവടക്കാരനെ അഭിനന്ദനിച്ച് കേരളം. എറണാകുളത്ത് ബ്രോഡ്വേയിൽ തുണിത്തരങ്ങൾ വിൽക്കുന്ന മാലിപ്പുറം സ്വദേശി പി.എം. നൗഷാദാണ് മനുഷ്യ സ്നേഹം എന്തെന്ന് പ്രവർത്തിയിൽ കൂടി കാട്ടി തന്നത്.
നടൻ രാജേഷ് ശർമയുടെ നേതൃത്വത്തിലുള്ള സംഘം പ്രളയദുരിതം അനുഭവിക്കുന്ന നിലമ്പൂർ, വയനാട് എന്നീ സ്ഥലങ്ങളിലെ ജനങ്ങൾക്കുള്ള അവശ്യസാധനങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി നൗഷാദിന്റെയും കടയിൽ എത്തിയിരുന്നു. രാജേഷിന്റെ അഭ്യർഥന കേട്ട നൗഷാദ് മറ്റൊന്നും ചിന്തിക്കാതെ പെരുന്നാൾ കച്ചവടത്തിനായി സൂക്ഷിച്ചുവെച്ചിരുന്ന വസ്ത്രങ്ങൾ മുഴുവൻ കൈമാറുകയായിരുന്നു.
"നമ്മൾ പോകുമ്പോൾ ഇതൊന്നും കൊണ്ടുപോകാൻ പറ്റില്ലല്ലോ?. നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലെ. എന്റെ പേരുന്നാളിങ്ങനെയാ'. നൗഷാദ് പറയുന്നു.
രാജേഷ് ശർമയുടെ ഫേസ്ബുക്ക് ലൈവിൽ കൂടിയാണ് സംഭവം പുറത്തറിയുന്നത്. സഹായം അഭ്യർഥിച്ച് നിരവധിയാളുകളാണ് നൗഷാദിനെ സമീപിക്കുന്നത്. തന്റെ കൈവശമുള്ള മുഴുവൻ തുണിത്തരങ്ങളും നൗഷാദ് കൈമാറിയിട്ടുണ്ട്.