ബുധനാഴ്ച എന്റെ വിവാഹമാണ്, ഈ വിവാഹത്തിന് ഒരു പ്രത്യേകതയുണ്ട്; നന്ദു മഹാദേവ പറയുന്നു
Saturday, August 17, 2019 2:51 PM IST
കാൻസർ തളർത്തിയ ശരീരത്തെ മുറുകെ പിടിച്ച് വിധിയോട് പടവെട്ടി ജീവിതത്തിലേക്ക് തിരിക കയറിയ നന്ദു മഹാദേവ എന്ന ചെറുപ്പക്കാരനെ മലയാളിക്കെന്നല്ല ഒരാൾക്കും അത്ര പെട്ടെന്ന് മറക്കുവാൻ സാധിക്കില്ല. ചെറിയ വീഴ്ചകൾ ജീവിതത്തിലുണ്ടാകുമ്പോൾ പരാജയം സമ്മതിച്ച് ഒളിച്ചോടുന്നവർക്ക് നന്ദു തന്റെ ജീവിതത്തിലൂടെ പകർന്ന് നൽകിയത് അമൂല്യമായ സന്ദേശമാണ്.
ഇപ്പോഴിതാ താൻ രണ്ട് കാലിൽ നടക്കുവാൻ പോകുന്ന സന്തോഷ വാർത്ത അറിയിച്ചിരിക്കുകയാണ് നന്ദു. ഫേസ്ബുക്കിൽ കൂടിയാണ് നന്ദു ഇതിനെക്കുറിച്ച് അറിയിച്ചത്. തന്റെ വിവാഹവാർത്തയായാണ് നന്ദു ഇക്കാര്യം ഫേസ്ബുക്കിൽ കുറിച്ചത്. കിട്ടുന്ന കാൽ തന്റെ വധു തന്നെയാണെന്നും മരണം വരെ തന്റെ ഒപ്പം നടക്കേണ്ടവളായതിനാൽ ആ അർഥത്തിൽ ഇതൊരു വിവാഹം തന്നെയാണെന്നും നന്ദു പറയുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് ആറ് മാസത്തിനുള്ളിൽ കാല് മാറ്റി വയ്ക്കേണ്ടതായിരുന്നു എന്നാൽ സാമ്പത്തിക പ്രശ്നം കാരണം അത് നീണ്ടു പോകുകയായിരുന്നു.
തനിക്കൊപ്പം താങ്ങും തണലുമായി നിൽക്കുന്ന സുമനസുകളുടെ സഹായത്താൽ താൻ ഇരുകാലിൽ നടക്കുവാൻ പോകുന്നുവെന്ന് നന്ദു അറിയിച്ചു. നന്ദുവിനൊപ്പം 50 പേർക്കാണ് ജർമൻ കമ്പനിയായ ഓട്ടോബോക്കിന്റെ 3r80 കൃത്രിമ കാലുകളാണ് സമ്മാനിക്കുക.
നന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്