ജീവന്റെ ജീവനായ "തൂവാല' മോഷണം പോയി; പോലീസിൽ പരാതി നൽകി
Wednesday, December 4, 2019 9:23 AM IST
നമ്മുടെ കൈയിലിരിക്കുന്ന തൂവാല ഒരു എളിയ ഉപയോഗ വസ്തുവായിരിക്കാം. എന്നാൽ നാഗ്പുർ സ്വദേശി ഹർഷവർധൻ ജിതെയ്ക്ക് അത് അങ്ങനെയല്ല. തന്റെ തൂവാല മോഷണം പോയെന്ന് ചൂണ്ടിക്കാട്ടി പോലീസിനെ സമീപിച്ചിരിക്കുകയാണ് അദ്ദേഹം.
റെയിൽവേ ഉദ്യോഗസ്ഥനായിരുന്ന ഹർഷവർധൻ തിങ്കളാഴ്ച തന്റെ മുൻ സഹപ്രവർത്തകരെ കാണാൻ ഡിവിഷണൽ റെയിൽവേ മാനേജരുടെ ഓഫീസിൽ പോയിരുന്നു. ഇവിടെ നിന്നും മടങ്ങുന്പോഴാണ് കൈയിലെ തൂവാല കാണാതായ വിവരം അറിയുന്നത്.
ഉടൻതന്നെ അദ്ദേഹം സർദാർ പോലീസ് സ്റ്റേഷനിലെത്തി തൂവാല മോഷ്ടിക്കപ്പെട്ടതാണെന്നും ആരെങ്കിലും അത് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും പരാതി നൽകി. അതേസമയം, ഇതു സംബന്ധിച്ച് പരാതി സ്വീകരിച്ചെങ്കിലും കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.