വിദ്യാര്‍ഥിക്ക് പരീക്ഷപ്പേടി; ഒറ്റ മറുപടിയില്‍ സമൂഹ മാധ്യമങ്ങളുടെ കൈയടി നേടി മുംബൈ പോലീസ്
Wednesday, July 20, 2022 12:44 PM IST
പരീക്ഷപ്പേടി എന്നത് പല വിദ്യാര്‍ഥികളേയും അലട്ടുന്ന വലിയൊരു പ്രശ്നം തന്നെയാണ്. തോല്‍വിയെ അഭിമുഖീകരിക്കാന്‍ കഴിയാതെ ആത്മഹത്യയിലേക്ക് നീങ്ങിയ നിരവധി കുട്ടികളുടെ വാര്‍ത്ത നമ്മളെ ദുഃഖിപ്പിക്കാറുണ്ട്. യഥാസമയത്ത് കൃത്യമായ കൈത്താങ്ങ് ലഭിക്കാത്തതിനാലാണ് മിക്കവാറും ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നത്.
ഇപ്പോള്‍ ഇത്തരത്തിലൊരു കാര്യത്തില്‍ മുംബൈ പോലീസ് ഒരു വിദ്യാര്‍ഥിക്ക് നല്കിയ മനക്കരുത്താണ് സമൂഹ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കുന്നത്. മുബൈയിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിയായ ധ്രുവ് ഷാ തന്റെ ഐസിഎസ്ഇ റിസല്‍ട്ട് വരുന്നതുമായി ബന്ധപ്പെട്ട് തനിക്കുള്ള മാനസിക സമ്മര്‍ദത്തെക്കുറിച്ച് ട്വിറ്ററില്‍ പോസ്റ്റിട്ടിരുന്നു.
മഹാരാഷ്ട്ര ഡിജിപിയെ ടാഗ് ചെയ്താണ് 17ന് ധ്രുവ് ഈ പോസ്റ്റ് ഇട്ടിരുന്നത്. പോസ്റ്റില്‍ ഡിജിപിയോട് ഇന്ന് തന്റെ ഐസിഎസ്ഇ റിസല്‍ട്ട് വരികയാണെന്നും താന്‍ വളരെ സമ്മര്‍ദത്തിലാണെന്നും ധ്രുവ് കുറിച്ചിട്ടുണ്ട്.
വിദ്യാര്‍ഥിയുടെ ഈ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട മുംബൈ പോലീസ് ഉടന്‍ തന്നെ അതിന് മറുപടി നല്കി. പരീക്ഷ എന്നത് ലക്ഷ്യ സ്ഥാനമല്ലെന്നും ഒരു യാത്ര മാത്രമാണെന്നുമാണ് അവര്‍ കുറിച്ചിരിക്കുന്നത്.
റിസല്‍ട്ടിനെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും ഈ പരീക്ഷ മറ്റു പരീക്ഷകളെപ്പോലെ തന്നെയാണെന്നും. അത് മനസിലാക്കുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു. കൂടാതെ ധ്രുവിന് വിജയാശംസകളും അവര്‍ നേര്‍ന്നിട്ടുണ്ട്.
ഏതായാലും പോലീസിന്റെ ഈ പ്രവൃത്തിയെ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേരാണ് മുംബൈ പോലീസിനെ അഭിനന്ദിച്ച് കമന്റുകളിടുന്നത്.