"മൃഗങ്ങൾക്കുള്ള സൂചിയാണോ ഉപയോഗിക്കുന്നത്'; നഴ്സുമാരോട് തമാശ പറഞ്ഞ് മോദി
Monday, March 1, 2021 4:40 PM IST
മൃഗങ്ങൾക്കായി ഉപയോഗിക്കുന്ന സൂചിയാണോ തനിക്കായി ഉപയോഗിക്കുന്നത്? വാക്സിനെടുക്കാനായി എയിംസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത ചോദ്യം നഴ്സുമാരെ ശരിക്കും ഞെട്ടിച്ചു. ഇല്ലെന്ന് മറുപടി പറഞ്ഞെങ്കിലും, പ്രധാനമന്ത്രി എന്തിനാണ് അങ്ങനെ ചോദിച്ചതെന്ന് നഴ്സിന് പെട്ടെന്ന് മനസിലായില്ല.
രാഷ്ട്രീയക്കാർക്കെല്ലാം തൊലിക്കട്ടി കൂടുതലാണെന്ന് ആണല്ലോ സാധാരണ പറയാറുള്ളത്. അതുകൊണ്ടാണ് കട്ടികൂടിയ സൂചിയാണോ ഉപയോഗിക്കാൻ പോകുന്നതെന്ന് ചോദിച്ചതെന്ന് പ്രധാനമന്ത്രി തന്നെ വിശദീകരിച്ചു. ഇതോടെ പിരമുറുക്കത്തിന്റെ അന്തരീക്ഷം അയഞ്ഞു. പിന്നാലെ വാക്സിനുമെടുത്തു. മെഡിക്കൽ ജീവനക്കാരുടെ മുഖത്തെ പിരിമുറുക്കം കുറയ്ക്കാനായിരുന്ന മോദിയുടെ ചോദ്യം. പേരും നാടും എത്ര വർഷമായി ഇവിടെ ജോലി നോക്കുന്നുവെന്നുമെല്ലാം പ്രധാന മന്ത്രി ചോദിച്ചറിഞ്ഞു.
രാജ്യത്ത് രണ്ടാംഘട്ട കോവിഡ് വാക്സിന് കുത്തിവയ്പ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് മോദി വാക്സിന് സ്വീകരിച്ചത്. "എയിംസില്‍ നിന്ന് കോവിഡ് വാക്സിന്റെ ആദ്യഡോസ് സ്വീകരിച്ചു. കോവിഡിനെതിരേയുള്ള ആഗോള പോരാട്ടം ശക്തിപ്പെടുത്തുന്നതിന് നമ്മുടെ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും അതിവേഗത്തില്‍ പ്രവര്‍ത്തിച്ചത് ശ്രദ്ധേയമാണ്. അര്‍ഹരായ എല്ലാവരും വാക്സിന് സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. നമുക്ക് ഒരുമിച്ച് ഇന്ത്യയെ കോവിഡ് മുക്തമാക്കാം' - മോദി ട്വീറ്റ് ചെയ്തു.