ആരുമില്ലാത്തയാൾ ഒറ്റ ദിവസംകൊണ്ട് മുപ്പത് അർധസഹോദരങ്ങളുള്ളയാളായി
Monday, March 22, 2021 3:22 PM IST
സഹോദരങ്ങളില്ലാത്ത ജീവിതം അങ്ങനെ ജീവിക്കുന്നവർക്കേ അറിയൂ. മിക്കവർക്കും കളിചിരികൾ കുറഞ്ഞ ഒരു ബാല്യം ഓർമയിലുണ്ടാവും. മാതാപിതാക്കളുടെ കണ്വെട്ടത്തുനിന്നു മാറാൻ തരമില്ലാതെ പുസ്തകം വായിച്ചും പടംവരച്ചും കഴിഞ്ഞ കുട്ടിക്കാലം. അതവരുടെ ജീവിതത്തെ മൊത്തമായും സ്വാധീനിക്കും- നല്ലവിധത്തിലായാലും മോശം വിധത്തിലായാലും!
ഒരുപാടും സ്നേഹമുള്ളവരും ആ സ്നേഹം പുറമേക്കു കാണിക്കാത്തവരുമാകും അവർ ചിലപ്പോൾ. തീരുമാനങ്ങൾ എടുക്കുന്നതിൽ ആശങ്കകളുള്ളവരാകും. സുഹൃത്തുക്കൾക്കുവേണ്ടി ജീവൻ കൊടുക്കുന്നവരുമാകും. അതിനൊപ്പം വേണ്ടവിധം മനസിലാക്കപ്പെടാതെ പോകുന്നവരും.
ആൻഡി നബിലിന്റെ ജീവിതം
മുകളിൽ കണ്ടതുപോലൊരു ഒറ്റപ്പുത്രനായിരുന്നു ആൻഡി നബിൽ. ടിക് ടോക്കിൽ അല്ലറചില്ലറ തമാശകളുമായി കഴിഞ്ഞിരുന്ന യുവാവ്. താൻ ഒറ്റയ്ക്കാണല്ലോ എന്ന ചെറിയൊരു വിഷാദം അയാളെ ഇടയ്ക്കിടെ അലട്ടിയിരുന്നു.
അങ്ങനെയിരിക്കെ പടിഞ്ഞാറ് ടിക് ടോക്കിൽ പുതിയൊരു ട്രെൻഡ് വന്നു. മറ്റൊന്നുമല്ല, ജീവിതത്തിൽ തങ്ങൾ സ്വയം കണ്ടെത്തിയ ഏറ്റവും അത്ഭുതകരമായ കാര്യം പങ്കുവയ്ക്കുന്ന ട്രെൻഡ്. ഡിഎൻഎ ടെസ്റ്റ് ആയിരുന്നു അതിന്റെ അടിസ്ഥാനം.
നമുക്ക് ഡിഎൻഎ ടെസ്റ്റ് എന്നു കേട്ടാൽ അല്പം അവിഹിതം മണക്കും. ഇവിടെ പിതൃത്വം തെളിയിക്കാനാണല്ലോ ആ പരിശോധന നടത്തുക പതിവ്. എന്നാൽ ബ്രിട്ടനിലെ ഈ ടിക് ടോക് ട്രെൻഡിന് അടിസ്ഥാനമായ ഡിഎൻഎ ടെസ്റ്റ് വംശപരന്പരകളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനായിരുന്നു.
ആൻഡിയിലേക്കു തിരിച്ചുവരാം. അയാൾ കഴിഞ്ഞ വർഷം ഡിസംബറിൽ ഈ ഡിഎൻഎ ടെസ്റ്റ് നടത്തി. വളരെ വിചിത്രമായ ഫലമാണ് ആൻഡിക്കു കിട്ടിയത്. എന്തായിരുന്നു അത്? നോക്കാം.
അതിനു മുന്പ് ഒരു കാര്യംകൂടി അറിയണം. തനിക്ക് ഇംഗ്ലീഷ്, ഫ്രഞ്ച് വേരുകളാണ് ഉള്ളതെന്ന് ആൻഡിയുടെ പിതാവ് മുന്പ് പറഞ്ഞിരുന്നു. ഇനിയാണ് ഡിഎൻഎ ഫലം കാണേണ്ടത്. ആൻഡിയുടെ വംശപരന്പരയുടെ വേരുകൾ ഇംഗ്ലണ്ടിലോ ഫ്രാൻസിലോ എന്നതിനേക്കാൾ അയർലൻഡിലാണ് എന്ന് വെളിപ്പെടുത്തി ആ ഫലം!
ദൈവമേ ഇതെന്താണിങ്ങനെ!!
ഡിഎൻഎ ടെസ്റ്റിന്റെ ഫലം വിശകലനം ചെയ്യുന്ന ആപ്പിൽ പാരന്റ്- ചൈൽഡ് എന്നൊരു ഭാഗമുണ്ട്. അച്ഛനമ്മമാരും കുട്ടിയും തമ്മിലുള്ള ഇണക്കം കാണിക്കുന്ന ആ ഭാഗം നോക്കിയപ്പോൾ ആൻഡി ഒന്നുകൂടി ഞെട്ടി- തന്റെ അമ്മയുടെ പേരിനൊപ്പം കൊടുത്തിരിക്കുന്നത് ഇതുവരെ കേട്ടിട്ടില്ലാത്ത ഒരാളുടെ പേര്!
മോഹൻലാൽ ചിത്രമായ ലൂസിഫറിലെ പ്രശസ്തമായ ഡയലോഗ് ഓർമിപ്പിക്കുന്നപോലെ ആൻഡി സ്വയം പറഞ്ഞു- ഇയാളല്ല എന്റെ ഡാഡി!!
അന്പരപ്പു മാറുംമുന്പ് ആൻഡി ആ പേര് ഓണ്ലൈനിൽ തെരഞ്ഞുനോക്കി. ഉത്തരങ്ങൾ അയാളുടെ എല്ലാ സംശയങ്ങളും തീർക്കുന്നതായിരുന്നു. ബീജദാതാവായ ആ വ്യക്തിയാണ് തന്റെ അച്ഛൻ!
ആൻഡി പറയുന്നു: രണ്ടുദിവസം മുന്പുവരെ ഞാൻ ഉറക്കമുണരാറ് സഹോദരങ്ങളില്ലാത്തയാളാണല്ലോ ഞാൻ എന്നോർത്താണ്. പക്ഷേ ഇപ്പോൾ അങ്ങനെയല്ല. എനിക്ക് മുപ്പത് അർധസഹോദരങ്ങളുണ്ട്. 31 പേരിൽ രണ്ടാമത്തെയാളാണ് ഞാൻ.
ട്രെൻഡായി ആൻഡി
അങ്ങനെ ട്രെൻഡിംഗ് വീഡിയോകളിൽ ആൻഡി ടിക് ടോക്ക് ഹീറോയായി. അയാളുടെ വീഡിയോയ്ക്ക് മൂന്നു ലക്ഷത്തിലേറെ ലൈക്കുകൾ കിട്ടി. ഒരത്ഭുതംകൂടി ഉണ്ടായി- സവിശേഷമായി ഒരാൾ അതിനുകീഴെ കമന്റും ചെയ്തു. അതിങ്ങനെയായിരുന്നു: താങ്കളുടെ പിതാവ് എന്റെ അമ്മാവനാണ്.
അർധസഹോദരങ്ങളെ പരിചയമുള്ള ഒട്ടേറെയാളുകളും കമന്റുകളുമായെത്തി. എല്ലാവർക്കും മറുപടിയായി ആൻഡി ഇങ്ങനെ എഴുതി: എന്റെ ജീവിതത്തിലെ ഏറ്റവും വിസ്മയകരമായ സംഭവമാണ് ഇത്.