ആമ്പൽപ്പാടം നേരിൽകാണാൻ വരേണ്ട.. എല്ലാം ഇനി വിരൽത്തുമ്പിൽ
Saturday, September 5, 2020 2:40 PM IST
സഞ്ചാരികളുടെ മനം കവർന്ന് മലരിക്കലിൽ വീണ്ടും ആന്പൽ കാഴ്ചകൾ. തിരുവാർപ്പ് പഞ്ചായത്തിലെ വേന്പനാട്ടുകായലിനോടു ചേർന്നുകിടക്കുന്ന 600 ഏക്കർ വരുന്ന തിരുവായ്ക്കരി ജെ ബ്ലോക്ക് ഒന്‍പതിനായിരം പാടശേഖരത്താണ് കണ്ണെത്താ ദൂരത്തോളം ആന്പലുകൾ പൂത്തിരിക്കുന്നത്.
മുൻ വർഷങ്ങളിൽ ആളുകൾ കൂട്ടത്തോടെ ഒഴുകിയെത്തിയിരുന്നെങ്കിൽ ഇത്തവണ കോവിഡിന്റെ പശ്ചാത്തലത്തിൽ ആളുകൾക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ആന്പൽ ഫെസ്റ്റ് ഇ-ഫെസ്റ്റായി നടത്താനാണ് സംഘാടകരുടെ തീരുമാനം. ഇ-ഫെസ്റ്റിന്റെ പ്രഖ്യാപനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടുത്ത ദിവസം നടത്തും.
ഓണം വാരാഘോഷവും പുലികളിയും വർച്വൽ രീതിയിൽ നടത്തിയപോലെ ആന്പൽ ഫെസ്റ്റും വർച്വൽ രീതിയിൽ നടത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഇന്നലെ ആന്പൽപാടത്ത് ഷൂട്ട് നടന്നു. ഷൂട്ട് ചെയ്ത ചിത്രങ്ങളും വീഡിയോകളും ഓണ്‍ലൈനിൽ അപ് ലോഡ് ചെയ്യും. ഇതു കൂടാതെ ഓരോ ദിവസത്തെയും ഷൂട്ട് ലൈവായി ഓണ്‍ലൈനിൽ നൽകും.
ഇതുവഴി ലോകമെന്പാടുമുള്ള ആളുകൾക്ക് മലരിക്കലിൽ എത്തി ആന്പൽഫെസ്റ്റ് കാണുന്ന അതേ അനുഭൂതി നൽകാമെന്നാണ് ടൂറിസം വകുപ്പിന്റെ കണക്കുകൂട്ടൽ. കോവിഡിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് കർശനമായ നിയന്ത്രണമാണ് ആന്പൽ പാടത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. പോലീസിന്റെ പട്രോളിംഗുമുണ്ട്.

സോഷ്യൽ മീഡിയയിലെ പിങ്ക് വസന്തം
വർഷങ്ങളായി മലരിക്കലിലും പനച്ചിക്കാട് പഞ്ചായത്തിലെ അന്പാട്ടുകടവിലും ആന്പലുകൾ പൂവിടാറുണ്ടെങ്കിലും കഴിഞ്ഞ രണ്ടു വർഷമായിട്ടാണ് ആന്പൽ ഫെസ്റ്റ് ജനപ്രിയമായത്. സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ മലരിക്കലിലെ പിങ്ക് വസന്തം ലോകമെന്പാടും ചർച്ചയായി.
ആന്പലുകൾ കാണാനും ഒപ്പം നിന്ന് ചിത്രങ്ങളെടുക്കാനും മാത്രമല്ല കൈനിറയെ വസന്തം നിറച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യാനും ജനം ഒഴുകിയെത്തി. നടിമാരായ ആൻ ശീതൾ, മാളവിക, ബേബി മീനാക്ഷി, ജയസൂര്യയുടെ ഭാര്യ സരിത എന്നിവരൊക്കെ ആന്പൽ വസന്തം കാണാനെത്തി.
ഫാഷൻ, വിവാഹം, എന്തിന് ബേബി ഷവർ ഫോട്ടോ ഷൂട്ടിനുവരെ ആന്പൽ പാടം വേദിയായി. ഇത്തവണ ഇ-ഫെസ്റ്റായി നടത്താൻ ടൂറിസം വകുപ്പ് തീരുമാനിച്ചതോടെ വരും ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലെ പിങ്ക് ഫെസ്റ്റിവലായി ആന്പൽ ഫെസ്റ്റ് മാറും.
ചിത്രങ്ങൾ: അനൂപ് ടോം