പോത്തിൻകൂട്ടത്തെ ഭയന്ന് മരത്തിനു മുകളില്‍ കയറി; കാട്ടിലെ രാജാവിന് കിട്ടിയത് എട്ടിന്റെ പണി
Friday, February 7, 2020 12:15 PM IST
കലിയിളകിയ കാട്ടുപോത്തിൻകൂട്ടത്തെ കണ്ട് ഭയന്ന് മരത്തിന് മുകളില്‍ കയറിയ സിംഹത്തിന് പറ്റിയ അമളിയിലാണ് സോഷ്യല്‍ മീഡിയയുടെ കണ്ണുടക്കുന്നത്. കെനിയയിലെ ലേക്ക് നകുരു ദേശിയ പാര്‍ക്കിലാണ് സംഭവം. വിനോദ സഞ്ചാരിയായ നീലുത്പോള് ബറുവയാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്.
പാഞ്ഞടുത്ത പോത്തുകളുടെ ആക്രമണത്തില്‍ നിന്നും രക്ഷതേടി ഒരു മരത്തിന്റെ മുകളിലാണ് സിംഹം കയറിയത്. ഇതൊരു അക്വേഷ്യ മരമായിരുന്നു. മരത്തില്‍ കയറിയ സിംഹം തെന്നാന്‍ തുടങ്ങി. പല തവണ ഊര്‍ന്ന് വീഴാന്‍ തുടങ്ങിയ സിംഹം ഒരു വിധത്തിലാണ് മരത്തില്‍ പിടിച്ചിരുന്നത്.
എന്നാല്‍ ഇവിടെ നിന്നും മടങ്ങിപ്പോകുവാന്‍ പോത്തിൻകൂട്ടം തയാറായില്ല. ഗര്‍ജിച്ച് അവയെ ഭയപ്പെടുത്താന്‍ സിംഹം ശ്രമിച്ചുവെങ്കിലും അതൊന്നും വിജയം കണ്ടില്ല. സിംഹത്തെ നോക്കിയിരുന്ന് മടുത്ത പോത്തുകള്‍ പിന്നീട് സ്ഥലത്ത് നിന്നും പോയി. പോത്തിൻകൂട്ടം കാഴ്ചയില്‍ നിന്നും മറഞ്ഞതിന് ശേഷം താഴേക്ക് ഇറങ്ങി വന്ന സിംഹം കാട്ടിലേക്ക് ഓടിപ്പോകുകയായിരുന്നു.