സാറിന്റെ ഒരു ഫോട്ടോ തരുവോ, പേഴ്സിൽ വയ്ക്കാനാ: വൈകി അവധി പ്രഖ്യാപിച്ച കളക്ടർക്ക് ട്രോൾപെരുമഴ
Thursday, August 8, 2019 1:55 PM IST
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിക്കൊണ്ട് രാവിലെ എട്ടു മണിയോടെ കോട്ടയം ജില്ലാ കളക്ടർ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് രക്ഷിതാക്കളുടെ പൊങ്കാല. വിദ്യാർഥികളിൽ ഭൂരിഭാഗവും സ്കൂളിൽ എത്താറായപ്പോൾ പ്രഖ്യാപിച്ച അവധിയെ വിമർശിച്ചു കൊണ്ടായിരുന്നു കമന്റുകൾ ഏറെയും.
ബുദ്ധിമുട്ട് ഒഴിവാക്കാനാണ് അവധി അനുവദിക്കുന്നത്. ഈ അവധിപ്രഖ്യാപനം ബുദ്ധിമുട്ട് ഇരട്ടിയാക്കിയെന്നാണ് ചിലർ പറയുന്നത്. ഉച്ചയായിട്ട് പറഞ്ഞാൽ മതിയാരുന്നല്ലോ സാറേ എന്നു കമന്റിട്ടവരുമുണ്ട്.
ഇത്ര നേരത്തേ പറഞ്ഞതിനു നന്ദി, 15 മിനിറ്റ് കഴിഞ്ഞിരുന്നെങ്കിൽ ഞാൻ ക്ലാസിൽ കയറിയേനെ എന്നാണ് ഒരു വിദ്യാർഥിയുടെ കമന്റ്. വൈകി അവധി പ്രഖ്യാപിച്ച കളക്ടറുടെ നടപടിയെ വിമർശിച്ച് നൂറുകണക്കിന് കമന്റുകളാണ് വന്നു നിറഞ്ഞുകൊണ്ടിരിക്കുന്നത്.