ബിഗ് സല്യൂട്ട്; ട്രെയിൻ ബോഗിക്കും പ്ലാറ്റ്ഫോമിനുമിടയിൽ കാൽകുടുങ്ങിയ വൃദ്ധയ്ക്ക് തുണയായി പോലീസ് ഉദ്യോഗസ്ഥൻ
Tuesday, April 16, 2019 12:14 PM IST
പോലീസ് ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടലിൽ വൃദ്ധയ്ക്ക് തിരികെ ലഭിച്ചത് സ്വന്തം ജീവൻ. വർക്കല പ്ലാറ്റ്ഫോം ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവെ പോലീസ് ഒാഫീസർ രാജേഷിന്റെ കൃത്യമായ ഇടപെടലിലാണ് പാളത്തിലും ട്രെയിനിനും ഇടയിൽ കാൽ കുടുങ്ങിയ വൃദ്ധയ്ക്ക് സ്വന്തം ജീവൻ തിരികെ ലഭിച്ചത്.
നാഗർകോവിൽ-പുനലൂർ പാസഞ്ചർ യാത്രക്കാരിയായ ലീനാമ്മ ഒൗസേപ്പ് എന്ന സ്ത്രീക്കാണ് അപകടം സംഭവിച്ചത്. ട്രെയിൻ വർക്കല സ്റ്റേഷനിൽ എത്തിയപ്പോൾ വെള്ളം വാങ്ങുവാനായി പുറത്തിറങ്ങിയ മകളെ അന്വേഷിച്ച് ലീനമ്മയും പുറത്തിറങ്ങിയിരുന്നു. ഇതിനിടെ ട്രെയിൻ മുമ്പോട്ടു നീങ്ങിയപ്പോൾ ലീനാമ്മ കാൽ തെന്നി വീണു. ട്രെയിനിൽ തൂങ്ങി കിടന്ന ലീനാമ്മയുടെ ഇരുകാലുകളും പാളത്തിനും ട്രയിനിന്റെ ബോഗിക്കുമിടയിൽ കുടുങ്ങി.
ഈ സമയം ഇവിടെയുണ്ടായിരുന്ന പോലീസുദ്യോഗസ്ഥനായ രാജേഷ് ട്രെയിനിനൊപ്പം ഓടിക്കൊണ്ട് ലീനാമ്മയെ വലിച്ചെടുത്ത് പുറത്തെത്തിക്കുകയായിരുന്നു. സ്വന്തം സുരക്ഷപോലും മറന്ന് യാത്രക്കാരിയുടെ ജീവൻ രക്ഷിച്ച രാജേഷിന് അഭിനന്ദനപ്രവാഹമാണ്.