'ഇത് കേശുമാമൻ സിൻഡ്രോം'; ഫേസ്ബുക്കിലെ കൂട്ടനിലവിളിക്കാരോട് കേരളാ പോലീസിനു പറയാനുള്ളത്
Wednesday, January 8, 2020 10:25 AM IST
സോഷ്യൽമീഡിയയിലെ പുതിയ ചർച്ചാവിഷയം ഫേസ്ബുക്കിലെ അൽഗോരിതമാണ്. ഇത് പ്രകാരം കമന്റ് ഇടാത്തവരുടെ പോസ്റ്റുകൾ സുഹൃത്തുക്കൾക്ക് കാണാനാകില്ലെന്നും 25 പേർക്ക് മാത്രമേ സാധിക്കുകയുള്ളുവെന്നുമാണ് പ്രചരിക്കുന്ന വാർത്തയിലുള്ളത്.
ഇതിന് പ്രതിവിധിയായി ഓരോരുത്തരും പങ്കുവയ്ക്കുന്ന അൽഗോരിതത്തെക്കുറിച്ചുള്ള പോസ്റ്റിന് താഴെയായി കമന്റുകൾ പങ്കുവയ്ക്കണമെന്നും പറയുന്നു. എന്നാൽ ഇത്തരം ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കുകയാണ് കേരള പോലീസ്.
കേശുമാമൻ സിൻഡ്രോം എന്നൊക്കെ സോഷ്യൽമീഡിയയിൽ ഓമനപ്പേരിൽ അറിയപ്പെടുന്ന മണ്ടത്തരങ്ങളുടെ ലേറ്റസ്റ്റ് വേർഷൻ എന്നാണ് കേരള പോലീസ് ഇതിനെ വിശേഷിപ്പിക്കുന്നത്.
അല്ലെങ്കിൽത്തന്നെ പ്രധാനപ്പെട്ട പോസ്റ്റുകൾ അടങ്ങിയ ന്യൂസ് ഫീഡുകൾ മാത്രമാണ് ഇപ്പോൾ കാണാൻ കഴിയുക. നമുക്ക് കേൾക്കാനും കാണാനും കൂടുതൽ താല്പര്യമുള്ളവരെ ഫിൽട്ടർ ചെയ്താണ് ഫേസ്ബുക്ക് കാണിക്കുക. കൂടുതൽ സംവദിക്കാൻ ഇഷ്ടപ്പെടുന്നവരുടെ പോസ്റ്റുകൾ സ്വാഭാവികമായും ഫീഡുകളിൽ മുന്നിട്ട് നിൽക്കുമെന്നും കേരളാ പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ "Facebook Algorithm Hoax' എന്ന് സേർച്ച് ചെയ്താൽ മതിയെന്നും ഇത്തരം പോസ്റ്റുകൾ ഷെയർ ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു.
ഫേസ്ബുക്ക് പോസ്റ്റ്