ടോപ് ഗിയറിൽ അടയ്ക്ക പറിക്കാം; കമുകിൽ കയറാന്‍ ‘സൂപ്പർ ബൈക്ക്’ റെഡി
Tuesday, June 18, 2019 1:35 PM IST
കമുകിൽ കയറാന്‍ നൂതനയന്ത്രവുമായി കർണാടക ബന്ത്വാള് കോണാലെ സ്വദേശിയായ കര്ഷകന് ഗണപതിഭട്ട്. പെട്രോളില്‍ ഓടുന്ന കമുക് കയറ്റ യന്ത്രത്തിന്റെ പ്രത്യേകത ബൈക്ക് പോലെ അതിവേഗം കുതിച്ചെത്തുമെന്നതാണ്. കമുകിന്റെ അടിഭാഗത്ത് യന്ത്രം ഘടിപ്പിച്ച് ചാരി ഇരുന്നാല്‍ ബൈക്കില്‍ പോകുന്നതുപോലെയെ തോന്നു.
രണ്ട് എച്ച്പി ശേഷിയുള്ള ഈ യന്ത്രത്തിന് 70 കിലോഗ്രാം ഭാരം താങ്ങാനുള്ള ശേഷിയുണ്ട്. ഒരു ലിറ്റര്‍ പെട്രോളില്‍ 70 മുതല്‍ 80 വരെ കമുകുകള്‍ കയറാം. 75,000 രൂപയാണ് യന്ത്രത്തിന്റെ വില. ഒരു വിളവെടുപ്പുകാലത്ത് പത്തോളം കുലകള്‍ ലഭിക്കുന്ന കമുകില്‍നിന്ന് പഴുപ്പെത്തിയ കുലകള്‍ പറിച്ചെടുക്കണമെങ്കില്‍ അഞ്ചുതവണ തൊഴിലാളികളെ തേടണം.
ഈ സാഹചര്യത്തിലാണ് കമുകില്‍ കയറാനുള്ള നൂതനയന്ത്രം വികസിപ്പിച്ചെടുത്തതെന്ന് പരമ്പരാഗത കര്‍ഷകനായ ഗണപതിഭട്ട് പറഞ്ഞു. നാല്പത്തെട്ടുകാരനായ ഗണപതിഭട്ട് നൂതന രീതികൾ പരീക്ഷിച്ച് വരികയാണ്. ജൈവകൃഷിരീതിയുടെ പരന്പരാഗത അറിവ് കാലത്തിനനുസരിച്ച് മണ്ണില്‍ പ്രയോഗിക്കുന്ന ഇദ്ദേഹത്തിന്റെ കൃഷിഭൂമിയില്‍ കമുകിനെ ബാധിക്കുന്ന മഞ്ഞളിപ്പ് രോഗവും വേരുചീയലും ബാധിച്ചിട്ടില്ല.