ജപ്പാൻ തീരത്ത് ആശങ്കപരത്തി 'ഇരുമ്പുഗോളം'; ഉറവിടം തേടി അധികൃതർ
അറ്റ്ലാന്‍റിക് സമുദ്രത്തിൽ യുഎസ് സേന വെടിവച്ചിട്ട ചൈനീസ് ചാരബലൂണുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ ലോകമാകെ പരക്കുന്നതിനിടെ ജപ്പാനിൽ മറ്റൊരു വിചിത്ര സംഭവമുണ്ടായി. ജപ്പാന്‍റെ കടൽത്തീരത്ത് ഒരു ഇരുന്പുഗോളം പ്രത്യക്ഷപ്പെട്ടു.

ടോക്കിയോയിൽനിന്ന് 155 മൈൽ അകലെയുള്ള തെക്കൻ തീരദേശനഗരമായ ഹമാമത്സുവിലെ കടൽത്തീരത്താണ് ഗോളം കണ്ടത്. തിരകളിലൂടെ ഒഴുകിയെത്തിയ അപൂർവ ഇരുന്പുഗോളം പ്രദേശവാസികളെ ആശങ്കയിലാഴ്ത്തി.

കടൽത്തീരത്തു നടക്കാനിറങ്ങിയ നാട്ടുകാരനാണ് ഇരുന്പുഗോളം ആദ്യം കണ്ടത്. അത് എന്താണെന്ന് അയാൾക്കു മനസിലായില്ല. പിന്നീടാണ് അതൊരു വലിയ ഇരുന്പുഗോളമാണെന്ന് തിരിച്ചറിഞ്ഞത്. ഉടൻതന്നെ അയാൾ പോലീസിൽ വിവരം അറിയിച്ചു. സംഭവമറിഞ്ഞു നാട്ടുകാർ ബീച്ചിൽ തടിച്ചുകൂടി. ഇരുന്പുഗോളവുമായി ബന്ധപ്പെട്ടു നാട്ടുകാർക്കിടയിൽ വിവിധ ഊഹാപോഹങ്ങൾ പ്രചരിക്കാൻ തുടങ്ങി.

സ്ഫോടകവസ്തുവാണെന്നും വൈകാതെ പൊട്ടിത്തെറിക്കുമെന്നുള്ള പ്രചാരണങ്ങളുണ്ടായി. പോലീസും സുരക്ഷാഉദ്യോഗസ്ഥരും സ്ഥലത്തി. ആളുകളെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചു.
ഏകദേശം 1.5 മീറ്ററാണ് ഗോളത്തിന്‍റെ വ്യാസം. വിദഗ്ധരടങ്ങിയ സംഘം എക്സ്-റേ സാങ്കേതികവിദ്യ ഉപയോഗിച്ച് ഗോളത്തിന്‍റെ അന്തർഭാഗം പരിശോധിച്ചു.അകം പൊള്ളയാണെന്നു കണ്ടെത്തിയതോടെ ആശങ്കയൊഴിഞ്ഞു. ഉഗ്രശേഷിയുള്ള മൈൻ കടലിലൂടെ ഒഴുകി തീരത്തടിഞ്ഞതാണെന്നാണ് അധികൃതർ കരുതിയത്. സുരക്ഷാവസ്ത്രം ധരിച്ച് അതീവ ജാഗ്രതയോടെയാണ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയത്.

ഇരുന്പുഗോളത്തിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും വൈകാതെ വൈറലാകുകയും ചെയ്തു. ബീച്ചിൽ പ്രഖ്യാപിച്ചിരുന്ന സന്ദർശനിരോധനം ഇപ്പോൾ പിൻവലിച്ചിട്ടുണ്ട്. വിദഗ്ധ പരിശോധനകൾക്കും കൂടുതൽ അന്വേഷണങ്ങൾക്കുമായി ഇരുന്പുഗോളം ഉദ്യോഗസ്ഥർ അവിടെനിന്നു കൊണ്ടുപോയി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.