ഉപയോഗ ശൂന്യമായ ട്രെയിന്‍ ബോഗികള്‍ ഇനി മുതല്‍ റെയില്‍വേ റസ്റ്ററന്റുകള്‍
Thursday, February 27, 2020 5:25 PM IST
പഴക്കം വന്ന് ഉപയോഗ ശൂന്യമായ ബോഗികളെ റെയില്‍വേ റസ്റ്ററന്റാക്കി മാറ്റാന്‍ ഈസ്റ്റേണ്‍ റെയില്‍വേ. പഴക്കം വന്ന മെമു കോച്ചുകളാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. അസന്‍സോള്‍ റെയില്‍വെ സ്റ്റേഷനില്‍ ഇത്തരം റസ്റ്റൊറന്റുകള്‍ തയാറാക്കി.
ഒരു ബോഗിയില്‍ ചായയും ലഘുഭക്ഷണവും ലഭ്യമാണ്. 42 സീറ്റുകളുള്ള മറ്റൊരു ബോഗിയില്‍ പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, രാത്രി ഭക്ഷണം എന്നിവയും ലഭിക്കും. ട്രെയിന്‍ യാത്രികര്‍ക്കും പൊതുജനങ്ങള്‍ക്കും ഈ റസ്റ്റൊറന്റില്‍ പ്രവേശനമുണ്ട്.
അകവും പുറവും ഛായം പൂശി അലങ്കരിച്ചത് കൂടാതെ മറ്റ് ആകര്‍ഷണമായ പല വസ്തുക്കളും ഇവിടെയുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അമ്പത് ലക്ഷം രൂപ ലാഭം നേടുക എന്ന ലക്ഷ്യമുണ്ട് ഈ പദ്ധതിക്ക്.

കാഴ്ചയില്‍ ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന ഈ റെയില്‍വേ റസ്റ്ററന്റില്‍ സന്ദര്‍ശകരായി ധാരാളമാളുകള്‍ എത്തുന്നുണ്ട്.