ബാലി ഹോട്ടലിൽ ഇന്ത്യൻ വിനോദസഞ്ചാരികളുടെ മോഷണം; രാജ്യത്തിന് അപമാനകരമെന്ന് സോഷ്യൽമീഡിയ
Tuesday, July 30, 2019 2:45 PM IST
ഹോട്ടൽ മുറിയിലെ സാധനങ്ങൾ മോഷ്ടിച്ച് സ്ഥലം വിടാൻ ശ്രമിച്ച വിനോദസഞ്ചാരികളെ കൈയോടെ പിടികീടി ജീവനക്കാർ. ബാലിയിലെ ഒരു ഹോട്ടലിലാണ് സംഭവം. ഇവിടെ മുറിയെടുത്ത് താമസിച്ച കുടുംബത്തിലെ അംഗങ്ങൾ മുറിയൊഴിഞ്ഞ് പോകുവാൻ നേരമാണ് അവിടെയിരുന്ന സാധനങ്ങളെല്ലാം മോഷ്ടിച്ച് ബാഗിനുള്ളിലാക്കിയത്. ഇന്ത്യയിൽ നിന്നുള്ളവരായിരുന്നു ഇവർ.
ജീവനക്കാർ സംശയം തോന്നി ബാഗുകൾ പരിശോധിച്ചപ്പോഴാണ് മോഷണത്തെക്കുറിച്ച് അറിഞ്ഞത്. പണി പാളിയെന്ന് മനസിലായ സ്ത്രീകളുൾപ്പടെയുള്ളവർ ജീവനക്കാരുടെ കാലിൽ വീണ് തടിതപ്പുവാൻ ശ്രമിക്കുകയായിരുന്നു.
എത്ര രൂപ വേണമെങ്കിലും നൽകാമെന്നും ക്ഷമിക്കണമെന്നും ജീവനക്കാരോട് ഇവർ അപേക്ഷിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. സംഭവം സോഷ്യൽമീഡിയയിൽ വൈറലായതിനെ തുടർന്ന് പ്രതികരണവുമായി നിരവധിയാളുകളാണ് രംഗത്തെത്തിയത്. ഇവർ കുറച്ച് പേർ ചെയ്ത പ്രവർത്തി രാജ്യത്തിന് മുഴുവൻ അപമാനകരമായെന്നാണ് അഭിപ്രായമുയരുന്നത്.