മര്യാദയ്ക്ക് ഫോട്ടോഷോപ്പ് ചെയ്യേണ്ടേ? വ്യാജവിവാഹചിത്രത്തിൽ ഭർത്താവായി സൽമാൻ ഖാൻ
Monday, September 30, 2019 4:23 PM IST
വ്യാജചിത്രം ഉണ്ടാക്കുക പലരുടെയും ഒരു ഹോബിയാണ്. ഇത്തരം ചിത്രങ്ങൾ ഉപയോഗിച്ച് പല കാര്യസാധ്യങ്ങളും ഉള്ളതിനാലാണ് അവർ ഇത്തരത്തിലൊരു പ്രവൃത്തിക്കു തുനിയുന്നത്. മരിച്ചു പോയ മകന്റെ ജോലി മരുമകൾക്ക് കിട്ടാതിരിക്കാനായി തരികിട കാണിച്ച കുടുംബത്തിനാണ് ഇവിടെ അമളി പറ്റിയത്.
മരുമകൾക്ക് മറ്റൊരു ഭർത്താവ് ഉണ്ടെന്നു സ്ഥാപിക്കാനായി ഭർത്തൃപിതാവ് കുടുംബകോടതിയിൽ സമർപ്പിച്ച വ്യാജചിത്രത്തിൽ മരുമകളുടെ പുതിയ ഭർത്താവിന്റെ സ്ഥാനത്ത് വന്നതാവട്ടെ ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന്റെ ചിത്രവും. സർക്കാർ സ്ഥാപനമായ സൗത്ത് ഈസ്റ്റേണ്‍ കോൾഫീൽഡ്സിൽ ഗുമസ്തനായി ജോലി ചെയ്യുകയായിരുന്നു റാണിയുടെ ഭർത്താവ് ബസന്ത്. 2013ൽ ഇയാൾ ആത്മഹത്യ ചെയ്തു. അതോടെ ബസന്തിന്റെ വീട്ടുകാർ റാണിയെ വീട്ടിൽ നിന്നു പുറത്താക്കി.
ബസന്തിന്റെ ജോലി സഹോദരനുള്ളതാണെന്നും അവകാശപ്പെട്ടു. തുടർന്നു കേസായതോടെ റാണി പുനർ വിവാഹിതയായെന്ന് വരുത്തിത്തീർക്കാൻ ബസന്തിന്റെ വീട്ടുകാർ ശ്രമിച്ചു.
അതിനായി ഒരു ഡിജിറ്റൽ സ്റ്റുഡിയോയിലെത്തി ബസന്തിന്റെ പിതാവ് വ്യാജ വിവാഹ ചിത്രം തയ്യാറാക്കുകയായിരുന്നു. എന്നാൽ ചിത്രം തയാറാക്കിയ ആൾക്ക് അബദ്ധം പറ്റിയതാണോ എന്തോ.. റാണിക്കൊപ്പം ചേർത്തത് സൽമാൻ ഖാനെ ആയിരുന്നു.
ചിത്രം കണ്ട് ജഡ്ജി ഞെട്ടിയെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. സംഭവത്തിന്റെ സത്യസ്ഥിതി മനസ്സിലാക്കിയ കോടതി ബസന്തിന്റെ ജോലി ഭാര്യയ്ക്കു നൽകാനും ഉത്തരവിട്ടു. ഛത്തീസ്ഗഢിലെ ബിലാസ്പുർ ജില്ലയിലെ ബൈകുണ്ഡ്പുർ കുടുംബകോടതിയിലാണ് ഈ രസകരമായ സംഭവം നടന്നത്.