ഹൃദയരാഗതന്ത്രി മീട്ടി കാഞ്ഞിരപ്പള്ളി രൂപതയിലെ ഗായകർ; പാട്ടിന്റെ പുത്തൻപതിപ്പ് വൈറൽ
Sunday, May 31, 2020 3:48 PM IST
• ഹൃദയരാഗതന്ത്രി മീട്ടി സ്നേഹഗീതമേകിയും
കർമ്മഭൂമി തളിരിടുന്ന വർണ്ണമേകിയും
നമ്മിൽ വാഴും ആദിനാമം ഇന്നു വാഴ്ത്തിടാം.. •
മലയാളി മനസിൽ പതിഞ്ഞുപോയ ഈ ഗാനം കോവിഡ് കാലത്ത് സാന്ത്വനഗീതമായി വീണ്ടും മുഴങ്ങുകയാണ്. കാഞ്ഞിരപ്പള്ളി രൂപതാ ഗായകസംഘമാണ് ഗാനത്തിന്റെ പുതിയ പതിപ്പ് ഒരുക്കിയത്.
ലോക്ക്ഡൗണിൽ തങ്ങളുടെ വീടുകളിലിരുന്നാണ് ഓരോരുത്തരും ഗാനത്തിനായി വരികൾ ആലപിച്ചിരിക്കുന്നത്. കുട്ടികൾ മുതൽ വൈദികർ വരെ 24 ഗായകർ പാട്ടുചങ്ങലയിൽ കണ്ണികളാകുന്നു. രാജ്യത്തിനു പുറത്തുള്ള കാഞ്ഞിരപ്പള്ളി രൂപതാംഗങ്ങളും ഇതിൽ പങ്കാളികളായി.
ഫാ. അഗസ്റ്റിൻ പുതുപ്പറമ്പിൽ ആണ് ഗാനം ഒരുക്കിയത്. ജിക്സൺ ജോസ് ശബ്ദമിശ്രണവും ജെസ്ബിൻ ഏർത്തയിൽ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. കാഞ്ഞിരപ്പള്ളി രൂപതയുടെ സോഷ്യൽ മീഡിയ അപ്പോസ്തലേറ്റ് തയാറാക്കിയ വീഡിയോ ഇപ്പോൾ യൂട്യൂബിൽ തരംഗമായി മാറിക്കഴിഞ്ഞു.