പാമ്പുകളെ കൈയിലെടുത്ത് നൃത്തം; അവസാനം അഴിക്കുള്ളിലായി
Sunday, October 13, 2019 11:26 AM IST
പാമ്പുകളെ കൈയിൽ പിടിച്ച് ഗർബ നൃത്തം ചെയ്ത പെണ്‍കുട്ടികൾ അറസ്റ്റിൽ. 12 വയസുള്ള കുട്ടിയുൾപ്പടെയുള്ള യുവതികളാണ് മൂർഖൻ പാമ്പിനെ കൈയിലെടുത്ത് നൃത്തം ചെയ്തത്. മുൻപിലെ നിരയിൽ ഒരു കുട്ടിയും രണ്ട് യുവതികളുമാണ് നിന്നിരുന്നത്. ഇവരിൽ രണ്ടു പേർ രണ്ടു കൈയിലും പാമ്പിനെയും പിടിച്ചാണ് നിന്നിരുന്നത്. ഇവരിൽ ഒരാൾ ഒരു കൈയിൽ വാൾ ഉയർത്തുകയും മറുകൈ കൊണ്ട് പാമ്പിന്റെ വാലിൽ പിടിച്ചു വലിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.
നിലത്ത് കിടന്ന് ഇഴയുവാൻ ശ്രമിക്കുന്ന പാമ്പ് ഇവരുടെ കൈയിൽ നിന്നും രക്ഷപെടുവാൻ ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ഈ സമയം മറ്റ് പെണ്‍കുട്ടികൾ നൃത്തം ചെയ്യുകയാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതിനെ തുടർന്ന് ഇവരെ വനംവകുപ്പ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഈ ചടങ്ങ് സംഘടിപ്പിച്ചയാളെയും ഇവർക്ക് പാമ്പുകളെ എത്തിച്ചു നൽകിയ ആളും അറസ്റ്റിലാണ്. പ്രായപൂർത്തിയാകാത്ത കുട്ടിയെ ജുവനൈൽ ഹോമിലാണ് പാർപ്പിച്ചിരിക്കുന്നത്. മറ്റുള്ളവർക്കെതിരെ വന്യജീവി സംരക്ഷണപ്രകാരമാണ് കേസ് രജിസ്ട്രർ ചെയ്തിട്ടുള്ളത്.