ആരാധകരെ നിരാശയിലാഴ്ത്തി "ഗ്രംപി' പൂച്ച വിടവാങ്ങി
Saturday, May 18, 2019 9:03 AM IST
സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തയായ "ഗ്രംപി' പൂച്ച ഓർമയായി. അണുബാധയെത്തുടർന്നു ഏഴാം വയസിൽ അരിസോണയിലെ വീട്ടിൽ വച്ചാണ് മരിച്ചത്. തബത ബുന്ദിസെൻ എന്ന യുവതിയെ കോടീശ്വരിയാക്കിയ പൂച്ചയാണ് ഗ്രംപി. ഇവൾക്ക് ഫേസ്ബുക്കിൽ 85 ലക്ഷം ആരാധകരും ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും ലക്ഷക്കണക്കിനു ഫോളോവേഴ്സും ഉണ്ടായിരുന്നു.
‘ടാര്ഡാര് സോസ്’ എന്നാണ് ഗ്രംപിയുടെ യഥാര്‍ഥ പേര്. ദേഷ്യപ്പെടുന്ന മുഖഭാവമുള്ള ഗ്രംപിയുടെ വിപണി മൂല്യം മനസ്സിലാക്കിയ തബത ഈ പൂച്ചയെ മുഖചിത്രമാക്കി ഗ്രുംപ്പുച്ചിനോ എന്ന പേരില്‍ ഒരു ശീതള പാനീയം പുറത്തിറക്കി. 2012ൽ ഒരു വെബ്സൈറ്റിൽ വന്ന ചിത്രത്തോടെ ഗ്രംപിക്ക് വിലയേറി. ചിത്രം ഉപയോഗിക്കുന്നതിനെതിരായ പകർപ്പവകാശക്കേസിൽ മാത്രം തബാത്ത നേടിയത് അഞ്ച് കോടി രൂപയാണ്.
ടിവിയിലും സിനിമയിലും അഭിനയിച്ച് ഗ്രംപി തബതയെ കോടീശ്വരിയാക്കി. സാൻഫ്രാൻസിസ്കോയിൽ ഗ്രംപിയുടെ മെഴുകുപ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.