മീൻ കാണിച്ച് വരുത്തിയ പൂച്ചയെ തൊഴിച്ച് കടലിലിട്ടു; യുവാവിന് കിട്ടിയത് എട്ടിന്റെ പണി!
Wednesday, May 4, 2022 12:53 PM IST
പൂച്ചയെ കടലിലേക്ക് തൊഴിച്ചിട്ട യുവാവിന് പത്തുവർഷം തടവും അന്പതിനായിരം യൂറോ പിഴയും. കഴിഞ്ഞ ഞായറാഴ്ച ഗ്രീസിലെ ഇവ്യ ദ്വീപിലെ ഒരു റസ്റ്റോറന്‍റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കടൽത്തീരത്തായുള്ള റസ്റ്റോറൻറിൽ ഭക്ഷണം കഴിക്കാനെത്തിയ യുവാവ് അവിടെയുണ്ടായിരുന്ന പൂച്ചകൾക്ക് നേരെ മീൻ നീട്ടി തന്ത്രപരമായി അറ്റത്ത് എത്തിച്ച ശേഷം പൂച്ചകളിലൊന്നിനെ കടലിലേക്ക് ചവിട്ടിയിടുകയായിരുന്നു. തൊട്ടടുത്തിരുന്ന ഒരാൾ പകർത്തിയ വീഡിയോയിൽ പൂച്ചയെ ചവിട്ടിയിട്ട ശേഷം ക്രൂരമായി ചിരിക്കുന്ന യുവാവിന്‍റെ മുഖം കാണാനാകും.
വീഡിയോ സമൂഹ മാധ്യമങ്ങൾ വഴി അന്താരാഷ്ട്ര തലത്തിലും എത്തപ്പെട്ടതോടെ വ്യാപക പ്രതിഷേധമാണുയർന്നത്. പ്രതിയെ തിങ്കളാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്തതായി സർക്കാർ വ്യക്തമാക്കി. മൃഗങ്ങളോടുള്ള ക്രൂരതയ്ക്കെതിരായുള്ള നിയമപ്രകാരം പത്തുവർഷം ജയിൽ ശിക്ഷയും അന്പതിനായിരം യൂറോ പിഴയുമാണ് പ്രതിക്ക് ലഭിക്കുക.