"ദേവദൂതര്‍ പാടി...’; വൈറലായി അപ്പൂപ്പന്റെയും കൊച്ചു മകളുടെയും നൃത്തം
Friday, July 29, 2022 11:39 AM IST
1985ല്‍ മമ്മൂട്ടിയെ നായകനാക്കി വിഖ്യാത സംവിധായകന്‍ ഭരതന്‍ ചെയ്ത ചലച്ചിത്രമായിരുന്നു കാതോടു കാതോരം. അതില്‍ ഔസേപ്പച്ചന്‍ എന്ന സംഗീത സംവിധായകന്‍ ഒരുക്കിയ എല്ലാ ഗാനങ്ങളും വലിയ ഹിറ്റായിരുന്നു.
പ്രത്യേകിച്ച് ഓഎന്‍വിയുടെ വരികളിലൊരുങ്ങിയ ദേവദൂതര്‍ പാടി എന്ന ഗാനം നിത്യഹരിതമായ ഒന്നുതന്നെയാണ്. കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ഒരുക്കുന്ന "ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തില്‍ ഈ ഗാനം വീണ്ടും ഉപയോഗിക്കുന്നുണ്ട്.
ഇതിന്‍റെ വീഡിയോ ഗാനം കഴിഞ്ഞ ദിവസം യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കുഞ്ചാക്കോ ബോബന്‍റെ അസാമാന്യ പ്രകടനം നിമിത്തം ഗാനം തരംഗമായി മാറിയിരുന്നു. ഇപ്പോള്‍ റീല്‍സ് വഴിയും മറ്റുമായി പലരും അദ്ദേഹത്തിന്‍റെ ഈ ഗാനത്തിലെ ചുവടുകള്‍ അനുകരിച്ച് വെെറലാകുന്നുണ്ട്.
കഴിഞ്ഞ ദിവസം ഒരു കല്യാണത്തിനിടയില്‍ ഒരു മുത്തച്ഛനും കൊച്ചു മകളും ചുവട് വച്ചതാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ്. കല്യാണ വീഡിയോഗ്രാഫറായ ബിനു കോക്കാടന്‍ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ ഈ ഗാനത്തിനൊപ്പമായി ഈ ചുവടുകള്‍ കാണാം.
ദൃശ്യങ്ങളില്‍ വരനും വധുവും അതിഥികളുടെ സ്നേഹ സമ്മാനങ്ങള്‍ ഏറ്റുവാങ്ങി സദസില്‍ നില്‍ക്കുന്നതായി കാണാം. ഒരു വീഡിയോഗ്രാഫര്‍ തന്‍റെ ജോലിയില്‍ വ്യാപൃതനായിരിക്കുന്നതും കാണാം. കുറച്ച് പ്രായമുള്ള ഒരാള്‍ സദസിന് താഴെയായിട്ട് നിന്ന് പാട്ടിന് തന്‍റേതായ ചുവടുകള്‍ വയ്ക്കുകയാണ്.
അല്പം കഴിഞ്ഞ് അദ്ദേഹത്തിന്‍റെ കൊച്ചു മകളും നൃത്തം ചെയ്യാനായി എത്തുകയാണ്. ആ പെണ്‍കുട്ടി നൃത്തം ചെയ്യാന്‍ മറ്റുള്ളവരെയും ക്ഷണിക്കുന്നുണ്ട്. അവരാരും എത്തിയില്ലെങ്കിലും അപ്പൂപ്പനും ചെറുമകളും തങ്ങളുടെ നൃത്തം യദേഷ്ടം തുടരുകയാണ്.
നിരവധിയാളുകള്‍ രസകരമായ കമന്‍റുകള്‍ ഈ വീഡിയോയ്ക്ക് നല്‍കുന്നുണ്ട്.