റാണു മണ്‍ഡലിന്‍റെ വഴിയെ ഫൗസിയ; കൈക്കുഞ്ഞുമായി തെരുവില്‍ പാടിയ ഫൗസിയയുടെ സ്വപ്‌നം പൂവണിയുന്നു
ഒരു നേരത്തെ അന്നത്തിനു വേണ്ടി വഴിയരികിലും ബസ് സ്‌റ്റോപ്പിലുമെല്ലാം നെഞ്ചുപൊട്ടി പാടുന്നവരെ നമ്മള്‍ കാണാറുണ്ട്, അവരുടെ പാട്ട് കേള്‍ക്കാറുണ്ട്. സിഗ്നല്‍ ലൈറ്റ് മാറുമ്പോള്‍, അല്ലെങ്കില്‍ നമുക്കു പോകാനുള്ള വണ്ടി വരുമ്പോള്‍ അവരെ മറന്ന്, അവരുടെ പാട്ട് മറന്ന് നമ്മളങ്ങ് പോകും. പിന്നീടൊരിക്കലും നമ്മള്‍ അവരെ ഓര്‍ക്കണം എന്നുപോലുമില്ല. പക്ഷേ ഇങ്ങനെ കഷ്ടപ്പെട്ട് ജീവിക്കുന്നവരെ ദൈവം കൈവിടാറില്ല. അതിനുള്ള എത്രയോ ഉദാഹരണങ്ങള്‍ നമുക്കു മുന്നിലുണ്ട്.

ഈയടുത്ത് കോല്‍ക്കത്തയിലെ റെയില്‍വേ പ്ലാറ്റ് ഫോമില്‍ പാട്ടു പാടിയിരുന്ന റാണു മണ്ടല്‍ ബോളിവുഡ് ഗായികയായതും ഇത്തരത്തില്‍ ദൈവം അത്ഭുതം പ്രവര്‍ത്തിച്ചപ്പോഴാണ്. റാണുവിന്‍റെ പാട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ അവരുടെ ഭാഗ്യവും തെളിഞ്ഞു.

ഇപ്പോഴിതാ കോഴിക്കോട്ടെ എസ്എം തെരുവില്‍ തന്‍റെ കുഞ്ഞിനേയും ഒക്കത്തെടുത്ത് വഴിയരികില്‍ നിന്നു പാട്ടു പാടുന്ന ഒരമ്മയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പാട്ടു കേള്‍ക്കാന്‍ കൂടിനിന്നവരില്‍ ആരോ ഒരാള്‍ ഫൗസിയ പാടുന്നതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് അവരേയും മകനേയും ലോകം അറിഞ്ഞു തുടങ്ങിയത്.ജീവിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ ഒന്നും ഇല്ലാതെ വന്നതോടെയാണ് കോഴിക്കോട് ബീച്ചിലും പരിസരത്തും പാട്ടു പാടി ഉപജീവനം നടത്താന്‍ ഫൗസിയ തീരുമാനിച്ചത്. ഫൗസിയയുടെ പാട്ടു കേട്ട് സംഗീത സംവിധായകന്‍ മുരളി അപ്പാടത്ത് തന്‍റെ ആല്‍ബത്തില്‍ പാടാന്‍ ക്ഷണിച്ചത് ഫൗസിയയുടെ ജീവിതത്തില്‍ വലിയ വഴിത്തിരിവായി. അതിനുശേഷം നിരവധി അവസരങ്ങള്‍ ഫൗസിയയെ തേടിയെത്തി.

കേറിക്കിടക്കാനൊരു വീടും സ്വസ്ഥമായ ജീവിതവും മാത്രം സ്വപ്‌നം കണ്ടിരുന്ന ഫൗസിയയുടെ ആദ്യത്തെ ആഗ്രഹം ഉടന്‍ പൂവണിയും. ഫൗസിയയുടെ അവസ്ഥയറിഞ്ഞ് മലപ്പുറം പാങ്ങ് സ്വദേശി നാസര്‍ മാനുവാണ് അവര്‍ക്ക് വീട്ടു നിര്‍മിച്ചു നല്‍കാം എന്ന വാഗ്ദാനവുമായി എത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.