തിമിംഗലം ഒന്നു ഛര്‍ദിച്ചു; പാവപ്പെട്ട മത്സ്യത്തൊഴിലാളിക്ക് കിട്ടിയത് രണ്ടേകാൽ കോടിയുടെ ഭാഗ്യം..!
Monday, October 28, 2019 4:46 PM IST
ഭാഗ്യം ഓരോരുത്തരെ തുണയ്ക്കുന്നത് ഓരോ രീതിയിലാണ്. ചിലർക്ക് അപ്രതീക്ഷിതമായി വലിയ ഭാഗ്യങ്ങൾ ലഭിക്കും. അത്തരത്തിലൊരു ഭാഗ്യവാനാണ് തായ്‌ലൻ‌ഡ് സ്വദേശിയായ ജുംറാസ് തിയോഖട്ട്. പാവപ്പെട്ട മത്സ്യത്തൊഴിലാളിയായ ജുംറാസിനെത്തേടി ഭാഗ്യമെത്തിയത് തിമിംഗലത്തിന്‍റെ ഛർദിയുടെ രൂപത്തിലാണ്.

തായ്‌ലൻഡിലെ കോ സമുവായ് കടൽത്തീരത്തുകൂടി നടക്കവേയാണ് ജുംറാസ് ആ കാഴ്ച കണ്ടത്. വിചിത്രമായ ആകൃതിയിൽ കല്ലുപോലെയുള്ള ഒരു വസ്തു കടൽത്തീരത്ത് കിടക്കുന്നു. അതെടുത്ത് തിരിച്ചും മറിച്ചും നോക്കിയിട്ടും ജുംറാസിന് കാര്യം പിടികിട്ടിയില്ല. ഒടുവിൽ വിലപിടിപ്പുള്ള എന്തോ കല്ലാണെന്ന് സംശയം തോന്നിയപ്പോൾ അയാൾ‌ അധികാരികളെ വിവരമറിയിച്ചു. അവർ സ്ഥലത്തെത്തി സാംപിൾ എടുത്ത് വിദഗ്ധ പരിശോധന നടത്തി.



മാസങ്ങൾക്കു ശേഷം പരിശോധനാഫലം പുറത്തെത്തിയപ്പോൾ ജുംനാസ് അന്തംവിട്ടുപോയി. അപൂർവമായ എണ്ണത്തിമിംഗലത്തിന്‍റെ സ്രവമാണ് കല്ലുരൂപത്തിൽ തീരത്തു കിടന്നത്. ആറരക്കിലോയോളം തൂക്കം വരുന്ന ആ സ്രവത്തിന് 2.26 കോടി രൂപയാണ് മൂല്യമെന്നും അധികൃതർ ജുംനാസിനെ അറിയിച്ചു. സാധനം സർക്കാരിനെ ഏല്പിച്ചാൽ തക്കതായ വിലയും നല്കാമെന്ന് അവർ ഉറപ്പും നല്കി.

തിമിംഗലത്തിന്‍റെ സ്രവത്തിൽ അടങ്ങിയിരിക്കുന്ന ഗന്ധമില്ലാത്ത ആൽക്കഹോൾ പെർഫ്യൂം നിർമാണത്തിനാണ് ഉപയോഗിക്കുന്നത്. ഇത്രയും വിലപിടിപ്പുള്ള വസ്തു തനിക്ക് കടൽ കൊണ്ടുതന്നതാണെന്നാണ് ജുംറാസ് അഭിപ്രായപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.