ഗാസയിലെ ആദ്യ ഷീ ടാക്സി! കുടുംബം പുലർത്താൻ ടാക്സി സർവീസുമായി ഒരു അമ്മ
Monday, November 23, 2020 6:54 PM IST
ടാക്സി സർവീസുമായി ഒരു അമ്മ. കേൾക്കുന്പോൾ എന്തു പുതുമ എന്നു തോന്നാം. നമ്മുടെ നാട്ടിൽ എത്ര അമ്മമാരാണ് കുടുംബം നോക്കാൻ വാഹനം ഓടിക്കുന്നത്. ഇതിൽ ഓട്ടോ മുതൽ വലിയ ലോറികൾ വരെ നിസാരമായി കൈകാര്യം ചെയ്യുന്ന വീട്ടമ്മമാരുണ്ട്. എന്നാൽ ഈ ടാക്സി സർവീസ് ആരംഭിച്ചിരിക്കുന്നത് പലസ്തീനിലാണ്.
നൈല അബു ജുബ എന്ന അഞ്ച് മക്കളുടെ അമ്മയാണ് ജീവിക്കാനായി ടാക്സി സർവീസ് തുടങ്ങിയിരിക്കുന്നത്. ഏറ്റവും യാഥാസ്ഥിതികമായ ഗാസ പ്രവിശ്യയിലെ ആദ്യ വനിതാ ടാക്സി ഡ്രൈവറാണ് നൈല.

"ധാരാളം ഭീഷണികൾ സോഷ്യൽ മീഡിയ വഴി ലഭിക്കുന്നുണ്ട്. പക്ഷേ, അതിനിടയിൽ ലഭിക്കുന്ന ചില പ്രോത്സാഹനജനകമായ വാക്കുകൾ എനിക്ക് വളരെ വിലപ്പെട്ടതാണ്. ഇത് പുരുഷന്മാർക്കുള്ള ജോലിയാണെന്ന് ചിലർ പറയുന്നു. ചിലരാകട്ടെ സ്ത്രീകൾ കൂടുതൽ അപകടങ്ങൾ ഉണ്ടാക്കുമെന്നാണ് പറയുന്നത്. സത്യത്തിൽ സ്ത്രീകൾ പുരുഷന്മാരേക്കാൾ ശാന്തരും ശ്രദ്ധാലുക്കളുമായ ഡ്രൈവർമാരാണ്' - അവർ പറഞ്ഞു.
കമ്മ്യൂണിറ്റി സർവീസ് ബിരുദധാരിയായ നെയ്ല ജോലി ഇല്ലാതായതിനെ തുടർന്നാണ് ടാക്സി ബിസിനസ്സ് ആരംഭിച്ചത്. നേരത്തെ ബുക്കു ചെയ്യുന്നവര്‍ക്കാണ് നൈലയുടെ സേവനം ലഭിക്കുക. അതും സ്ത്രീകള്‍ക്ക് മാത്രം. സ്ത്രീകളെ ഹെയര്‍ഡ്രെസിംഗ് സലൂണിലും വിവാഹപാര്‍ട്ടികളിലും മറ്റും എത്തിക്കാനുള്ള വിളികളാണ് നൈലക്ക് കൂടുതലും ലഭിക്കുന്നത്. ഒപ്പം ഷോപ്പിംഗ് പോലുള്ളവയ്ക്കും.

നൈലയ്ക്കൊപ്പം ഡ്രൈവറായി ജോലി ചെയ്യാന്‍ താല്പര്യം പ്രകടിപ്പിച്ച് പല സ്ത്രീകളും എത്തുന്നുണ്ട്. കോവിഡ് കാലം അവസാനിച്ചുകഴിഞ്ഞാൽ തന്റെ ബിസിനസ് വിപുലീകരിക്കാനാണ് നൈലയുടെ പദ്ധതി.