ഓസ്ട്രേലിയയിലെ ഹീറോയായി ആർതർ; ഈ പൂച്ച വെറുതെ താരമായതല്ല
Thursday, February 18, 2021 7:12 PM IST
സ്വന്തം ജീവന് കൊടുത്ത് യജമാനന്റെ കുട്ടികളെ രക്ഷിച്ച് ഹീറോയായിരിക്കുകയാണ് ഒരു പൂച്ച. ആര്‍തര്‍ എന്ന പൂച്ചയാണ് ഈ താരം. ഓസ്ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ടു കുട്ടികളെ സ്വന്തം ജീവന് നഷ്ടപ്പെടുത്തി രക്ഷിച്ചിരിക്കുകയാണാ ആര്‍തര്‍.
കുട്ടികള്‍ക്കരികിലേക്ക് പാമ്പ് ഇഴഞ്ഞു നീങ്ങുന്നത് കണ്ട ആര്‍തര്‍ അതിനു മേലേക്ക് ചാടിവീഴുകയായിരുന്നു. ആര്‍തറിന്റെ ആക്രമണത്തില്‍ പാമ്പ് ചത്തു. എന്നാല്‍ പോരാട്ടത്തിനിടയില്‍ പൂച്ചയ്ക്കും കടിയേറ്റിരുന്നു. പാമ്പുകടിയേറ്റ ഉടന്‍ കുഴഞ്ഞു വീണ പൂച്ച അല്പസമയത്തിനു ശേഷം ബോധം വീണ്ടെടുത്തിരുന്നു.
ഉടന്‍ തന്നെ ബോധം വീണ്ടെടുത്തതിനാല്‍ പാമ്പുകടി ഏറ്റിട്ടുണ്ടാവില്ലെന്നാണ് വീട്ടുകാരും കരുതിയത്. എന്നാല്‍ പിറ്റേന്ന് പുലര്‍ച്ചെ ജീവന് നഷ്ടപ്പെട്ട നിലയില്‍ പൂച്ചയെ കണ്ടെത്തുകയായിരുന്നു. പ്രകോപനമുണ്ടാകാതെ തന്നെ ആക്രമിക്കുന്നവയാണ് ഈസ്റ്റേണ്‍ ബ്രൗണ്‍വിഭാഗത്തില്‍പ്പെട്ട പാമ്പുകള്‍.