ആകാശത്തേക്ക് പൊങ്ങിപ്പോകുന്ന അദ്ഭുത പാലം
Tuesday, July 9, 2019 12:45 PM IST
പാലങ്ങൾ പലവിധത്തിലുണ്ട് തൂക്കുപാലവും പുഴയ്ക്കും കായലിനും കുറുകെയുള്ള പാലങ്ങളും എന്തിന് കണ്ണാടിപ്പാലം വരെ. എന്നാൽ ജപ്പാനിലെ ഒരു പാലമാണ് ഇപ്പോൾ ഏവരെയും അദ്ഭുതപ്പെടുത്തുന്നത്. എഷിമ ഒഹാഷി പാലത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
മാറ്റ്സ്യൂ, സകൈമിനാറ്റോ എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പാലം നേരേ ആകാശത്തേക്ക് പോയി പെട്ടെന്ന് താഴേക്ക് പതിക്കുന്നതായാണ് തോന്നുക. ഇതിന്റെ മുകളിൽ വച്ചെങ്ങാനും ഒരു ട്രാഫിക് ജാമിൽ പെട്ടാൽ ആകെ ഭയന്നുപോകും. കപ്പലുകൾക്കും മറ്റും കടന്നുപോകാനുള്ള സൗകര്യാർത്ഥം ഉയരത്തിൽ നിർമിച്ച ഈ പാലം ആദ്യമായി കാണുന്നവർ ആദ്യമൊന്ന് ഞെട്ടുമെങ്കിലും പിന്നിൽ മറ്റൊരു വസ്തുതയുണ്ട്.
ഒരു വശത്തുനിന്നുള്ള കാഴ്ച്ച മാത്രമാണിത്. ഫോട്ടോകളിൽ മാത്രമേ ഇത്തരം ഭീകരതയൊക്കെ തോന്നൂ. ശരിക്കും അത്ര കുത്തനെയുള്ള കയറ്റിറക്കങ്ങൾ പാലത്തിനില്ല. ചില ആംഗിളുകളിൽ പാലം ഇങ്ങനെ കാണുമെന്നുമാത്രം. റോളർ കോസ്റ്റർ ബ്രിഡ്ജെന്ന ഇരട്ടപ്പേരിലും ഈ പാലം അറിയപ്പെടുന്നുണ്ട്. ജപ്പാനിലെ ഏറ്റവും വലിയ ഫ്രെയിം പാലവും ലോകത്തിലെ മൂന്നാമത്തെ വലിയ പാലവുമാണ് എഷിമ ഒഹാഷി.
വാഹനങ്ങൾ റോഡിൽ നിന്നു പാലത്തിലേക്ക് പ്രവേശിക്കുന്പോളുള്ള കയറ്റമാണ് ഒരു വശത്തുനിന്നും നോക്കുന്പോൾ കുത്തനെയായി തോന്നുന്നത്. നിരവധി കപ്പലുകളും മീൻപിടിത്ത ബോട്ടുകളും നകൗമി തടാകത്തിന്റെ അടിയിലൂടെ കടന്നുപോകുന്നുണ്ട്. ഇവയുടെ ഗതാഗതസൗകര്യാർഥമാണ് പാലം രൂപകൽപ്പന ചെയ്തിരിക്കുന്നത്. പാലത്തെക്കുറിച്ച് കേട്ടറിഞ്ഞ് നിരവധി വിനോദസഞ്ചാരികൾ ഇവിടേക്ക് എത്താറുണ്ട്.