"സഫലം എന്നതിലും ഉയരത്തിലെന്ത്'; എവറസ്റ്റ് കൊടുമുടി സന്ദര്‍ശിച്ച വൃദ്ധദമ്പതികളെക്കുറിച്ച്
Monday, December 19, 2022 3:36 PM IST
മനുഷ്യര്‍ക്ക് പല ആഗ്രഹങ്ങള്‍ അവരുടെ ജീവിതത്തിലുണ്ടാകും. ചിലതിനായി അവര്‍ പ്രയത്നിക്കും. ചിലതിലേക്ക് എത്തപ്പെടുകയും ചെയ്യും. എന്നാല്‍ മിക്കവരും ആഗ്രഹങ്ങളെ പാതിവഴിയില്‍ കളയുകയാണ് പതിവ്.
പക്ഷെ ചിലര്‍ അതിന് തയാറാവുകയില്ല. അവര്‍ കഴിയുന്നത്ര പ്രയത്നിക്കും. ഒരുനാള്‍ ലക്ഷ്യത്തിലെത്തിച്ചേരുകയും ചെയ്യും. അത്തരത്തിലുള്ള ഒരു വൃദ്ധദമ്പതിമാരുടെ കാര്യമാണ് ആന്‍ഡി ഥാപ്പ എന്ന ഇന്‍സ്റ്റാഗ്രാം പേജ് പങ്കിട്ടിരിക്കുന്നത്.
ഏവറസ്റ്റ് കൊടുമുടി സന്ദര്‍ശിക്കുക എന്ന തങ്ങളുടെ ആഗ്രഹമാണ് വീഡിയോയിലെ ദമ്പതിമാര്‍ നിറവേറ്റിയിരിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്നുള്ളവരാണ് ഈ ദമ്പതികള്‍. ഭര്‍ത്താവിന് 78 വയസുണ്ട്. അദ്ദേഹത്തിന്‍റെ തീവ്രമായ ആഗ്രഹമായിരുന്നു എവറസ്റ്റ് കയറുക എന്നത്.
പ്രായത്തിന്‍റെ പ്രശ്നം നിമിത്തം പലരും വിലക്കിയെങ്കിലും അദ്ദേഹത്തിന്‍റെ ഭാര്യ ഒപ്പം നിന്നു. ഒടുവില്‍ ആ ആഗ്രഹം അവര്‍ നിറവേറ്റുകയും ചെയ്തു. ഒരു ഹെലികോപ്റ്ററിന് സമീപം നിന്ന് വളരെ പതിയെ പര്‍വതം ചവിട്ടി നടക്കുന്ന അദ്ദേഹത്തിനൊപ്പം ആ ഭാര്യ നടക്കുമ്പോള്‍ നെറ്റിസണും അവര്‍ക്കൊപ്പം കൂടുകയാണ്.
വൈറലായ ഈ ദൃശ്യങ്ങള്‍ക്ക് ഹൃദ്യമായ കമന്‍റുകളും ലഭിക്കുന്നുണ്ട്. "നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരൂ. ഈ വീഡിയോ മികച്ച ഉദാഹരണമാണ്' എന്നാണൊരു ഉപയോക്താവ് എഴുതിയിരിക്കുന്നത്.