"എന്നെ പുറത്തിറക്കൂ..' ശവപ്പെട്ടിയിൽ നിന്ന് പരേതന്റെ ശബ്ദം; മൃതസംസ്കാര ചടങ്ങിലെ ട്വിസ്റ്റ് ഇങ്ങനെ
Wednesday, October 16, 2019 12:32 PM IST
കണ്ണീരും സങ്കടം നിറഞ്ഞ മുഖങ്ങളുമാണ് ശവസംസ്കാര ചടങ്ങിൽ കാണാൻ സാധിക്കുക. എന്നാൽ അടുത്തിടെ ഡബ്ലിനിൽ നടന്ന ശവസംസ്കാര ചടങ്ങിൽ പൊട്ടിച്ചിരിയുടെ ശബ്ദമാണ് മുഴങ്ങി കേട്ടത്. കാരണം മരണമടഞ്ഞയാളുടെ അന്ത്യാഭിലാഷമായി അദ്ദേഹത്തിന്റെ ശബ്ദം റിക്കാർഡ് ചെയ്ത് ശവപ്പെട്ടിക്കുള്ളിൽ സൂക്ഷിച്ചിരുന്നു. അയർലൻഡിലെ കിൽമാനാഗിലെ പള്ളിയിലാണ് സംഭവം.
സംസ്കരിക്കുവാനായി കുഴിയിലേക്ക് ഇറക്കി വച്ചിരുന്ന പെട്ടിയിൽ നിന്നുമുയർന്ന ശബ്ദം ഇങ്ങനെയായിരുന്നു. "ഞാനെവിടെയാണ്, എന്നെ പുറത്തിറക്കു, ഇവിടെയാകെ ഇരുട്ടാണ്. പുരോഹിതന് ഞാൻ പറയുന്നത് കേൾക്കാമോ, ഞാൻ ഷായ് ആണ്. ഞാൻ ഈ പെട്ടിയിലുണ്ട്. ഞാൻ മരിച്ചു. ഞാൻ നിങ്ങളോട് യാത്ര പറയാൻ വന്നതാണ്'. ഇത്രെയും പറഞ്ഞ് അദ്ദേഹം വാക്കുകൾ അവസാനിപ്പിക്കുകയായിരുന്നു.
ഐറിഷ് പ്രതിരോധ മേഖലയിലെ ഉദ്യോഗസ്ഥനായിരുന്ന ഷായ് രോഗബാധിതനായി കുറച്ചു നാളുകളായി കിടപ്പിലായിരുന്നു. തന്റെ ശവസംസ്കാര ചടങ്ങിൽ എല്ലാവരും ചിരിച്ചുകൊണ്ട് തന്നെ അയയ്ക്കണമെന്ന് അദ്ദേഹത്തിന് അതിയായ ആഗ്രഹമുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് മകൾ അദ്ദേഹത്തിന്റെ ശബ്ദം പകർത്തി ശവപ്പെട്ടിയിൽ വച്ചത്.