മദ്യലഹരിയിൽ കോക്ക്പിറ്റിൽ കയറാൻ ശ്രമിച്ചയാളെ കെട്ടിയിട്ട് സഹയാത്രികർ
Thursday, December 19, 2019 3:20 PM IST
മദ്യപിച്ച് അക്രമാസക്തനായി കോക്ക്പിറ്റിലേക്ക് കടക്കുവാൻ ശ്രമിച്ചയാളെ സഹയാത്രികർ പിടികൂടി കെട്ടിയിട്ടു. റഷ്യയിലെ മിനെറാലിൻ വോഡിയിൽ നിന്നും നോവോസിബിർസ്ക്കിലേക്ക് പുറപ്പെട്ട എസ്7 വിമാനത്തിനുള്ളിലാണ് ഏറെ നാടകീയത സൃഷ്ടിച്ച സംഭവം അരങ്ങേറിയത്.
വിമാനത്തിലെ ജീവനക്കാരോട് കയർത്ത ഇദ്ദേഹം ക്യാപ്റ്റനോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് കോക്ക്പിറ്റിലേക്ക് കയറാൻ ശ്രമിച്ചപ്പോഴാണ് മറ്റ് യാത്രികർ സംഭവത്തിൽ ഇടപെട്ടത്. തുടർന്ന് യാത്രികർ തന്നെ ഇയാളെ ബന്ധിച്ചതിന് ശേഷം ഒരു സീറ്റിൽ കൊണ്ടിരുത്തുകയായിരുന്നു.
നോവോസിബിർസ്ക്കിൽ എത്തിയ ഉടൻ തന്നെ ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ പോലീസ് ഉദ്യോഗസ്ഥരെയും ആക്രമിക്കുവാൻ ഇയാൾ ശ്രമിച്ചുവെന്നാണ് അറിയാൻ സാധിക്കുന്നത്. ഇയാൾക്ക് ഏകദേശം 5 വർഷത്തെ ശിക്ഷ ലഭിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്.