ഗിയർ മാറ്റി പെൺകുട്ടികൾ, വളയം പിടിച്ച് ഡ്രൈവർ; വീഡിയോ വൈറലായപ്പോൾ ലൈൻസൻസ് തെറിച്ചു
Saturday, November 16, 2019 12:59 PM IST
വിനോദയാത്രയ്ക്കിടെ പെൺകുട്ടികളെ ഗിയർമാറ്റാൻ അനുവദിച്ച ബസ് ഡ്രൈവർക്കെതിരെ നടപടി. വയനാട് കൽപ്പറ്റ സ്വദേശിയായ എം. ഷാജിയുടെ ലൈസൻസ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. അശ്രദ്ധമായും അജാഗ്രമായും മനുഷ്യജീവനു അപായമുണ്ടാക്കത്തക്ക വിധം ബസോടിച്ചുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആർടിഒ അറിയിച്ചു.
ഗോവയിലേക്ക് ഗവ. കോളജിലെ വിദ്യാർഥികൾ നടത്തിയ യാത്രയ്ക്കിടെയാണ് സംഭവം. ഡ്രൈവിംഗ് സീറ്റിലിരുന്ന് ഷാജി ബസോടിക്കുമ്പോൾ ഗിയർ മാറ്റുന്നത് കാബിനിൽ കയറിയ പെൺകുട്ടികളാണ്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ആരോ പകർത്തുകയും ട്രാൻസ്പോർട്ട് കമ്മീഷണർക്ക് അയച്ചു കൊടുത്തു. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ ബസും ഡ്രൈവറെയും കണ്ടെത്തി അധികൃതർ നടപടി എടുക്കുകയായിരുന്നു.
വീഡിയോയുടെ അടിസ്ഥാനത്തിൽ ഷാജിക്ക് മോട്ടർവാഹനവകുപ്പ് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ഇതിന്റെ മറുപടിയിൽ ഷാജി കുറ്റസമ്മതം നടത്തി. 2020 മേയ് അഞ്ച് വരെ ഷാജി വാഹനം ഓടിക്കാൻ പാടില്ല. ഉത്തരവിന്മേൽ ആക്ഷേപമുണ്ടെങ്കിൽ 30 ദിവസത്തിനകം അപ്പലേറ്റ് അഥോറിറ്റിയെ സമീപിക്കാമെന്ന് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.