ഡെലിവറി ബോയ് ഹിന്ദുവല്ലെങ്കിൽ ഭക്ഷണം വേണ്ട; വർഗീയ വാദിയെ പൊരിച്ചെടുത്ത് സൊമാറ്റോ
Wednesday, July 31, 2019 2:05 PM IST
സൊമാറ്റോ വഴി ഓർഡർ ചെയ്ത ഭക്ഷണം കൊണ്ടുവരുന്ന ഡെലിവറി ബോയി ഹിന്ദുവല്ലെന്ന കാരണത്താൽ ഓർഡർ റദ്ദാക്കിയയാൾക്ക് മറുപടിയുമായി സൊമാറ്റൊ സ്ഥാപകൻ. അമിത് ശുക്ല എന്നയാളാണ് താൻ ഓർഡർ ചെയ്ത ഭക്ഷണം കൊണ്ടുവരുന്നത് ഹിന്ദു അല്ലെന്ന കാരണത്താൽ ഓർഡർ റദ്ദാക്കിയത്.
തുടർന്ന് ഇതിനെകുറിച്ച് അദ്ദേഹം ട്വിറ്ററിൽ കുറിച്ചതിങ്ങനെ. "ഹിന്ദുവല്ലാത്തയാളാണ് ഭക്ഷണം കൊണ്ടുവരുന്നതെന്നറിഞ്ഞു. ഡെലിവറി ബോയിയെ മാറ്റാൻ അവർ തയാറായില്ല. കാൻസൽ ചെയ്താൽ പണം തിരികെ നൽകില്ലെന്നും അവർ പറഞ്ഞു. പക്ഷെ ആ ഓർഡർ സ്വീകരിക്കുവാൻ നിങ്ങൾക്കെന്നെ നിർബന്ധിക്കുവാൻ സാധിക്കില്ല. എനിക്ക് പണം തിരികെ വേണ്ട. ഓർഡർ കാൻസൽ ചെയ്താൽ മതി'.
സംഭവം ഏറെ ചർച്ചാ വിഷയമായതിനെ തുടർന്ന് മറുപടിയുമായി ആദ്യം സൊമാറ്റോയും പിന്നീട് സ്ഥാപകൻ ദീപീന്ദർ ഗോയലും രംഗത്തെത്തി. "ഭക്ഷണത്തിന് മതമില്ലെന്നും ഭക്ഷണമെന്നത് മതമാണെന്നുമായിരുന്നു' സൊമാറ്റോയുടെ മറുപടി.
"ഇന്ത്യയുടെ സംസ്കാരത്തിൽ അഭിമാനമുണ്ട്. വ്യത്യസ്ത വിഭാഗക്കാരായ ഉപയോക്താക്കളെക്കുറിച്ച് ബഹുമാനമുണ്ട്. എന്നാൽ മൂല്യങ്ങളെ നശിപ്പിച്ചു വരുന്ന ഓർഡറുകൾ നഷ്ടമാകുന്നതിൽ ഞങ്ങൾക്ക് യാതൊരു വിഷമങ്ങളുമില്ല'. ദീപീന്ദർ ട്വീറ്റ് ചെയ്തു.
സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങൾ കൊഴുക്കുകയാണ്.