കോവിഷീല്‍ഡ് അമേരിക്കയ്ക്ക് നൽകുന്നത് 300 രൂപയ്ക്ക്; ഇന്ത്യയിൽ 600 രൂപ!
Saturday, April 24, 2021 12:03 PM IST
പൂനൈ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ കോവിഷീല്‍ഡ് വാക്സിൻ നൽകുന്നത് ലോകത്തിലെ ഏറ്റവും ഉയർന്ന വിലയിൽ. സ്വകാര്യ ആശുപത്രികള്‍ക്ക് നല്കുന്ന ഒരു ഡോസിന് 600 രൂപ എന്നത് ഏകദേശം എട്ട് ഡോളറിന് തുല്യമാണ്. ഒരു ഡോസ് വാക്സിന് ലോകത്ത് ഇടാക്കുന്ന ഏറ്റവും ഉയര്‍ന്ന വിലയാണ്. കേന്ദ്രസര്‍ക്കാരിന് 150 രൂപ നിരക്കിലായിരുന്നു നല്‍കിയിരുന്നത്.
150 രൂപയ്ക്ക് വാക്സിൻ നൽകുന്പോഴും ലാഭമാണെന്നായിരുന്നു കമ്പനി സിഇഒ അദാര്‍ പൂനാവാല പറഞ്ഞിരുന്നത്. 10 കോടി വാക്സിൻ മാത്രമേ ഇത്തരത്തിൽ 150 രൂപയ്ക്ക് നൽകുകയുള്ളുവെന്നാണ് താൻ പറഞ്ഞതെന്നാണ് അദാര്‍ പൂനാവാല ഇപ്പോൾ വ്യക്തമാക്കുന്നത്. പിന്നീട് 1000 രൂപ ഈടാക്കുമെന്നും പൂനാവാല പറയുന്നു.
ഒരു ഡോസ് വാക്സിനായി 2.15 മുതല്‍ 3.5 ഡോളറാണ് (ഏകദേശം 160-270 രൂപ) യൂറോപ്യന്‍ യൂണിയന് മുടക്കുന്നത്. മൂന്ന് ഡോളറിനാണ് (ഏകദേശം 226 രൂപ) ബ്രിട്ടന് ഒരു ഡോസ് വാക്സിന് ലഭിക്കുന്നത്. നാല് ഡോളര്‍ (ഏകദേശം 300 രൂപ) നിരക്കിലാണ് അമേരിക്കയ്ക്ക് വാക്സിന് നല്‍കാമെന്ന് അറിയിച്ചിരിക്കുന്നത്.
ബ്രസീല്‍ 3.15 ഡോളറിനാണ് (ഏകദേശം 237 രൂപ) വാക്സിന് വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ബംഗ്ലാദേശ് ഒരു ഡോസിന് 4 ഡോളറാണ് (ഏകദേശം 300 രൂപ) മുടക്കുന്പോൾ ദക്ഷിണാഫ്രിക്കയും സൗദി അറേബ്യയും 5.25 ഡോളറാണ് (ഏകദേശം 395 രൂപ) മുടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകൾ.
സംസ്ഥാനങ്ങള്‍ക്ക് 400 രൂപ നിരക്കിലാണ് വാക്സിന് നല്‍കുന്നത്. ഏകദേശം 5.30 ഡോളർ. ഇത് യുഎസ്, യുകെ, യൂറോപ്യന്‍ യൂണിയന് തുടങ്ങിയ രാജ്യങ്ങൾ നേരിട്ട് അസ്ട്രസെനെക്കയില്‍നിന്ന് വാങ്ങുന്ന വിലയേക്കാള്‍ കൂടുതലാണ്. ഇന്ത്യയിൽ വാക്സിന്റെ വില കൂടുതലാണെന്ന് സമ്മതിച്ച പൂനവാല മറ്റ് രാജ്യങ്ങൾക്ക് വാക്സിൻ വിലകുറച്ച് നൽകുന്നത് നേരത്തെ നടത്തിയ ചർച്ചകളുടെ ഫലമാണെന്നായിരുന്നു പ്രതികരണം. മാത്രമല്ല മറ്റ് രാജ്യങ്ങൾക്ക് നൽകുന്ന വില കൂട്ടുമെന്നും ഇദേഹം പറയുന്നു.