നിർദ്ദേശങ്ങളും മുൻകരുതലുകളും അനുസരിക്കണം; കൊറോണ കാലത്തെ വിവാഹം ഇങ്ങനെ
Wednesday, March 18, 2020 1:26 PM IST
കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തില്‍ കളവംകോടത്ത് നടന്ന വിവാഹം വേറിട്ടതായി. വരനും വധുവും മാസ്‌ക് ധരിച്ച് എത്തിയും വിവാഹസല്‍ക്കാരം ലളിതമാക്കിയും കൊറോണ വൈറസിനെതിരെയുള്ള ബോധവത്കരണം പ്രദര്‍ശിപ്പിച്ചുമാണ് ചടങ്ങുകള്‍ നടന്നത്.

കളവംകോടം കുത്തുതറ പരേതരായ പുരുഷോത്തമന്‍റെയും വിജയമ്മയുടെയും മകന്‍ അജയകുമാറിന്‍റെയും തണ്ണീര്‍മുക്കം വാരണം ചള്ളിയില്‍ സി.എന്‍. രാജന്‍റെയും പരേതയായ ലക്ഷ്മിയുടെയും മകള്‍ സുജിയുടെയും വിവാഹം കഴിഞ്ഞ ദിവസം കളവംകോടം ശക്തീശ്വരം ക്ഷേത്രത്തിലാണ് നടന്നത്.

വൈകുന്നേരം വരന്‍റെ വീട്ടില്‍ വിവാഹ സല്‍ക്കാരം ക്രമീകരിച്ചിരുന്നു. എന്നാല്‍ കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഏര്‍പെടുത്തിയ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും അതിഥികള്‍ സല്‍ക്കാരത്തില്‍ പങ്കെടുത്ത ശേഷം അധിക സമയം ചെലവഴിക്കാതെ മടങ്ങിപ്പോകമെന്നും അഭ്യര്‍ഥിച്ച് സല്‍ക്കാര ഹാളിനു സമീപം ബോര്‍ഡ് സ്ഥാപിച്ചിരുന്നു. വരന്‍റെ സുഹൃത്തുക്കളുടെ കൂട്ടായ്മയായ പുല്ലന്‍ചിറ ബ്രദേഴ്‌സാണ് ബോര്‍ഡ് സ്ഥാപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.