സൗദിയിൽ സിനിമ വസന്തം
Friday, February 7, 2020 12:48 PM IST
സൗദി അറേബ്യയിലെ നിർമാണ രംഗത്ത് 2020 ൽ സിനിമാ മേഖലയിൽനിന്ന് ഏകദേശം 500 കോടി റിയാലിന്റെ (1.3 ബില്യണ്‍ ഡോളർ) നിക്ഷേപം പ്രതീക്ഷിക്കുന്നതായി സിനിമാ ബിൽഡ് കെഎസ്എ 2020 ന്റെ പങ്കാളിയായ ദി ഗ്രേറ്റ് മൈൻഡ്സ് ഗ്രൂപ്പ് നടത്തിയ മാർക്കറ്റ് റിസേർച്ച് തെളിയിക്കുന്നു.
രാജ്യത്തുടനീളം 30 മാളുകളിലായി 140 സിനിമാശാലകൾ തുറക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. ഇത് 1,323 സ്ക്രീനുകൾക്ക് തുല്യമാണ്. 2020 വളർച്ചാ പദ്ധതികളുടെ ഭാഗമായി 158,760 സിനിമാ സീറ്റുകളും 5,953,500 ചതുരശ്ര അടിയിലധികം പരവതാനികളും ആവശ്യമാണെന്ന് സിനിമാ ബിൽഡ് കെഎസ്എ റിപ്പോർട്ട് വെളിപ്പെടുത്തി.
കൂടാതെ 18,852,750 ചതുരശ്ര അടിയിലധികം ജിപ്സം ബോർഡുകൾ, വാൾ പാനലുകൾ, മാസ് ബാരിയർ സീലിംഗ് 1,250 എയർ ഹാൻഡ്ലിംഗ് യൂണിറ്റുകൾ എന്നിവയും വേണ്ടിവരും. ആഭ്യന്തര വിനോദത്തിനുള്ള സൗദി ഗാർഹിക ചെലവ് മൊത്തം ചെലവിന്റെ 2.9 ൽനിന്ന് ആറ് ശതമാനമായി ഉയർത്തുക എന്നതാണ് രാജ്യത്തെ വിഷൻ 2030 ന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
അതിവേഗം വളരുന്ന സിനിമാ മേഖല ഈ വർഷം 5,314 ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിനിമാ ബിൽഡ് കെഎസ്എ ഫെബ്രുവരി 19, 20 തീയതികളിൽ റിയാദിലെ ഫെയർമോണ്ടിലാണ് നടക്കുന്നത്.