അടുത്തിടെ നമ്മുടെ നാട്ടില്‍ ഒരു യൂട്യൂബര്‍ മയിലിനെ കഴിക്കാന്‍ ഒരുങ്ങിയ വാര്‍ത്ത വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. എന്നാല്‍ മയിലിനെ താന്‍ കഴിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല എന്ന യൂട്യൂബറിന്‍റെ വെളിപ്പെടുത്തലോടെ ആ സംഭവം കെട്ടടങ്ങി.

ഇപ്പോളിതാ വംശ നാശ ഭീഷണി നേരിടുന്ന വിഭാഗത്തിലുള്ള ഗ്രേറ്റ് വൈറ്റ് ഷാർക്കിനെ കറിവച്ചു തിന്ന വ്ളോഗറുടെ വാര്‍ത്ത ചെെനയില്‍ നിന്നെത്തുന്നുണ്ട്. ടിസി എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ അറിയപ്പെടുന്ന യുവതിയാണ് ഈ കടുംകൈ ചെയ്തത്.

വലിയ വെള്ള സ്രാവുകൾ ഇന്‍റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ സംരക്ഷിക്കേണ്ട ഇനങ്ങളുടെ പട്ടികയില്‍ പെടുത്തിയ ഒന്നാണ്.

സമൂഹ മാധ്യമങ്ങളില്‍ എട്ടു ദശലക്ഷത്തോളം ഫോളോവേഴ്സുള്ള യുവതി ജൂലൈ പകുതിയോടെ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സ്രാവിനെ കഴിക്കുന്നതുള്ളത്. "ഇത് മോശമായി തോന്നാം, പക്ഷേ അതിന്‍റെ മാംസം ശരിക്കും വളരെ മൃദുലമാണ്' എന്നൊരു കമന്‍റോടെയാണ് യുവതി വീഡിയോ പോസ്റ്റ് ചെയ്തത്.


വീഡിയോയില്‍ യുവതി സ്രാവിനെ കഷ്ണമാക്കി പാകം ചെയ്തു ഭക്ഷിക്കുന്നത് കൃത്യമായി ഉണ്ട്. ഇതിന്‍റെ ക്ലിപ്പ് വൈറലായതിനെത്തുടര്‍ന്ന് വ്യാപക പ്രതിഷേധമാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുണ്ടാകുന്നത്. ഈ വ്ളോഗറെ പിടികൂടാനുള്ള ഒരുക്കത്തിലാണ് ചൈനീസ് പോലീസ്.

എന്നാല്‍ താന്‍ നിയമപരമായ മാര്‍ഗങ്ങളിലൂടെയാണ് സ്രാവിനെ സ്വന്തമാക്കിയതെന്നാണ് യുവതി അകാശപ്പെടുന്നത്. പ‍ക്ഷെ അധികാരികൾ വ്ളോഗറുടെ അവകാശവാദം തള്ളി.