കൊറോണ ഹെൽമറ്റ്; നിരത്തിലിറങ്ങുന്നവരെ മെരുക്കാൻ പോലീസിന്റെ പുതിയ വിദ്യ!
Sunday, March 29, 2020 3:21 PM IST
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിസാരകാരണങ്ങൾ പറഞ്ഞ് ആളുകൾ പുറത്തിറങ്ങി നടക്കുന്നുണ്ട്. രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയുടെ ഗൗരവം മനസിലാക്കാതെ പുറത്തിറങ്ങി നടക്കുന്ന ഇത്തരക്കാരെ ബോധവൽക്കരിക്കാൻ ചെന്നൈ പോലീസ് കണ്ടെത്തിയ മാർഗം വൈറലായി മാറുകയാണ്.
ബൈക്ക് സഞ്ചാരികളുടെയും മറ്റും അടുക്കൽ കൊറോണ വൈറസിന്റെ മാതൃകയിൽ രൂപകൽപ്പന ചെയ്ത ഹെൽമറ്റ് അണിഞ്ഞെത്തുന്ന പോലീസ് ഉദ്യോഗസ്ഥൻ നിലവിലെ സാഹചര്യത്തെക്കുറിച്ച് ആളുകളെ പറഞ്ഞ് മനസിലാക്കി നൽകുകയാണ്. ഈ ആശയം ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ വിജയിച്ചുവെന്നും പോലീസ് പറയുന്നു.
"എല്ലാ നടപടികളും സ്വീകരിച്ചിട്ടും ആളുകൾ പുറത്ത് കറങ്ങി നടക്കുന്നത് തുടരുകയാണ്. ഇക്കാര്യത്തെ പൊലീസ് എത്രമാത്രം ഗൗരവത്തോടെയാണ് സമീപിക്കുന്നതെന്ന് ആളുകൾക്ക് ബോധ്യപ്പെടാനാണ് ഈ കൊറോണ ഹെൽമറ്റ്. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാനുള്ള ശ്രമം. ഈ ഹെല്‍മറ്റ് കാണുമ്പോൾ ആളുകള്‍ക്ക് ആ രോഗത്തിന്റെ ഭീകരത മനസിൽ വരും. പ്രത്യേകിച്ച് കുട്ടികൾക്ക്. അവരാണ് ഇത് കണ്ട് ശക്തമായി പ്രതികരിക്കുന്നത്. ഹെൽമറ്റ് കണ്ട ഉടൻ അവർ വീട്ടുകാരോട് തിരികെ വീട്ടിലേക്ക് പോകാം എന്നു പറയും.' പൊലീസ് ഉദ്യോഗസ്ഥൻ രാജേഷ് ബാബു വ്യക്തമാക്കി.