ഹെലികോപ്റ്റർ, ഒരു കോടി രൂപ, സ്വിമ്മിംഗ് പൂളുള്ള വീട്...; സ്വപ്നസമാന വാഗ്ദാനങ്ങളുമായി ഒരു സ്ഥാനാർത്ഥി
Thursday, March 25, 2021 10:28 PM IST
തെരഞ്ഞടുപ്പ് കാലത്ത് വാഗ്ദാനങ്ങളുടെ പെരുമഴയായിരിക്കും. കേരളത്തിലാണെങ്കിൽ പെൻഷൻ, സംവരണം, താങ്ങുവില, വികസനം തുടങ്ങിയ കാര്യങ്ങളാണ് വാഗ്ദാനത്തിൽപ്പെടുക. പല വാഗ്ദാനങ്ങളും വാഗ്ദാനങ്ങളായി മാത്രം അവശേഷിക്കുകയും ചെയ്യും. തമിഴ്നാട്ടിൽ അങ്ങനെയല്ല സ്ഥിതി. നേരത്തെയും കിടിലൻ വാഗ്ദാനങ്ങൾ സ്ഥാനാർഥി എത്താറുണ്ടായിരുന്നു. കളർ ടിവിയും ലാപ്ടോപ്പും ഗ്രൈൻഡറും ധാരാളം പേർക്ക് കിട്ടുകയും ചെയ്തു.
എന്നാൽ ഇത്തവണ വാഗ്ദാനങ്ങൾക്കൊണ്ട് അന്പരപ്പിച്ചിരിക്കുകയാണ് ഒരു സ്വതന്ത്ര സ്ഥാനാർത്ഥി. ചെറിയ ഹെലികോപ്റ്റർ, വീട്ടുജോലിയിൽ സഹായിക്കാൻ ഒരു റോബോട്ട്, ഐ ഫോൺ, സ്വിമ്മിംഗ് പൂളുള്ള മൂന്ന് നില വീട്, കാർ, ഒരു ബോട്ട്, ചന്ദ്രനിലേക്ക് നൂറു ദിവസത്തെ വെക്കേഷൻ, യുവാക്കൾക്ക് വർഷം ഒരു കോടി രൂപ എന്നിവയാണ് മുഖ്യ വാഗ്ദാനങ്ങൾ. തമിഴ്നാട് സൗത്ത് മധുരൈ മണ്ഡലത്തിൽ നിന്നുള്ള ശരവണൻ എന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ പ്രകടന പത്രികയിലാണ് സ്വപ്ന സമാനമായ വാഗ്ദാനങ്ങൾ. ഇതിന് പുറമെ ബഹിരാകാശ ഗവേഷണ കേന്ദ്രം, റോക്കറ്റ് ലോഞ്ച് സൈറ്റ്, വേനലിലെ ചൂട് ചെറുക്കാൻ സ്വന്തം മണ്ഡലമായ മധുരയിൽ കൃത്രിമ മഞ്ഞുമല എന്നിവയാണ് പ്രകടന പത്രികയിലെ മറ്റ് വാഗ്ദാനങ്ങൾ.
രാഷ്ട്രീയത്തിൽ യുവജന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയാണ് തന്റെ മുഖ്യ ലക്ഷ്യമെന്നാണ് 34 കാരനായ ഈ സ്ഥാനാർഥി പറയുന്നത്. ഇരുപതിനായിരം രൂപ വായ്പയെടുത്താണ് തിരഞ്ഞെടുപ്പ് ചിലവുകൾ നടത്തുന്നതെന്നും ശരവണൻ പറയുന്നു. ഇതില്‍ പതിനായിരം രൂപ നാമനിര്‍ദേശം ഫയൽ ചെയ്യുന്നതിനായി ചിലവഴിച്ചു.
എല്ലാ കുടുംബങ്ങൾക്കും സർക്കാർ ജോലി, സൗജന്യമായി ആറ് ഗ്യാസ് സിലിണ്ടറുകൾ, വീട്ടമ്മമാർക്ക് മാസം 1500 രൂപ എന്നിങ്ങനെയാണ് എഐഎഡിഎംകെയുടെ വാഗ്ദാനം. പെട്രോളിന് അഞ്ചു രൂപയും ഡീസലിന് നാലു രൂപയും കുറയ്ക്കുമെന്നും വിദ്യാർഥികൾക്ക് ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയ ടാബുമാണ് ഡിഎംകെയുടെ വാഗ്ദാനം. വീട്ടമ്മമാർക്ക് മാസം 3000 രൂപ വേതനമാണ് കമൽ ഹാസന്റെ മക്കൾ നീതി മന്ദിരം വക വാഗ്ദാനം.