പൂർണഗർഭിണിയെ തോളിലേറ്റി ജവാൻമാർ കൊടുംകാട്ടിലൂടെ നടന്നത് ആറു കിലോമീറ്റർ
Wednesday, January 22, 2020 12:46 PM IST
ഛത്തീസ്ഗഡിലെ ബിജാപുരിൽ സിആർപിഎഫ് ഉദ്യോഗസ്ഥർ കാട്ടിലൂടെ ആറു കിലോമീറ്ററോളം കട്ടിലിൽ ചുമന്ന് ഗർഭിണിയായ യുവതിയെ ആശുപത്രിയിലെത്തിച്ചു. ബിജാപുരിലെ പദേദ ഗ്രാമത്തിലായിരുന്നു സംഭവം.
പതിവ് പട്രോളിംഗിന്റെ ഭാഗമായി വനത്തിനുള്ളിലെ ഗ്രാമത്തിൽ എത്തിയപ്പോഴാണ് യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്ത വിവരം സിആർപിഎഫ് ജവാൻമാരോട് ഗ്രാമീണർ പങ്കുവച്ചത്. കമാൻഡർ അവിനാഷ് റായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പട്രോളിംഗിനായി എത്തിയത്. ഇവർ ഉടൻ തന്നെ യുവതിക്ക് പ്രാഥമിക ചികിത്സ നൽകി.
യുവതിക്ക് പ്രസവവേദന കലശലായതിനെ തുടർന്ന് അടിയന്തരമായി ആശുപത്രിയിൽ എത്തിക്കാൻ സിആർപിഎഫ് ഉദ്യോഗസ്ഥർ തീരുമാനിച്ചു. സമീപത്ത് പ്രാഥമികാരോഗ്യകേന്ദ്രം പോലുമില്ലെന്നും വാഹനങ്ങളൊന്നും ഇവിടേക്ക് കടന്നുവരില്ലെന്നതും സിആർപിഎഫ് ഉദ്യോഗസ്ഥരെ പിന്തിരിപ്പിച്ചില്ല.
യുവതിയെ ഒരു തുണിക്കട്ടിലിൽ എടുത്ത് തോളിൽവച്ച് സിആർപിഎഫ് ഉദ്യോഗസ്ഥർ വനത്തിലൂടെ ആറു കിലോമീറ്ററോളം നടന്ന് പ്രധാന റോഡിൽ എത്തിച്ചു. ഇവിടെനിന്ന് വാഹനത്തിൽ കയറ്റി ബിജാപുർ ആശുപത്രിയിൽ യുവതിയെ എത്തിക്കാനുള്ള സൗകര്യവും ചെയ്തു നൽകി.