ബംഗളൂരുവിലെ "സുന്ദരി ഓട്ടോ' സോഷ്യല്‍ മീഡിയയില്‍ വൈറല്‍
Tuesday, June 6, 2023 12:04 PM IST
"ഓട്ടോ സാധാരണക്കാരന്റെ ബെന്‍സ്' എന്നൊക്കെ ആളുകള്‍ പറയാറുണ്ട്. ഏത് ചെറുവഴിയിലൂടെയും നമുക്കരികിലേക്ക് എത്തുന്ന ഈ സവാരി വാഹനത്തില്‍ ഒരിക്കലെങ്കിലും കയറാത്തവര്‍ ചുരുക്കമായിരിക്കും. കാലമിത്ര കഴിഞ്ഞിട്ടും ഇപ്പോഴും ഈ വാഹനം നമ്മുടെ ഇടയില്‍ കാണപ്പെടുന്നു.
മിക്ക ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും തങ്ങളുടെ ഓട്ടോ വളരെ ഭംഗിയായിട്ടാണ് കൊണ്ടുനടക്കാറുള്ളത്.പലരും അത് അലങ്കരിക്കാറുണ്ട്. ഇത്തരത്തില്‍ അലങ്കൃതമായ ഒരു ഓട്ടോ വിശേഷമാണ് നെറ്റിസണില്‍ ഇപ്പോള്‍ വൈറലാകുന്നത്.
അജിത്സഹാനി എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ എത്തിയ വീഡിയോയില്‍ ബംഗളൂരുവിലുള്ള ഒരു ഓട്ടോയുടെ വിശേഷമാണുള്ളത്. ദൃശ്യങ്ങളില്‍ വഴിയില്‍ ഈ ഓട്ടോ കിടക്കുകയാണ്. ഈ വാഹനത്തിന് കാറിന്റേതിന് സമാനമായ വാതിലുകള്‍ കാണാം. അത് അടച്ചശേഷം നോക്കുമ്പോള്‍ വാഹനത്തില്‍ ലൈറ്റുകള്‍ കത്തുകയാണ്.
മള്‍ട്ടി-കളര്‍ എല്‍ഇഡി ലൈറ്റുകളാകണ് ഈ വാഹനത്തിലുള്ളത്. യാത്രക്കാരുടെ സൗകര്യാര്‍ഥം കുഷ്യന്, ലെതര്‍ സീറ്റുകള്‍, ഫാന്‍ എന്നിവയ്ക്കൊപ്പം ട്രേ ടേബിളുകളും ഈ ഓട്ടോയില്‍ ഡ്രൈവര്‍ ഒരുക്കിയിട്ടുണ്ട്.
കൂടാതെ, അന്തരിച്ച കന്നഡ നടന്മാരായ പുനീത് രാജ്കുമാറിന്റേയും ശങ്കര്‍ നാഗിന്റേയും പോസ്റ്ററുകളും ഓട്ടോയിലുണ്ട്. ഏറെ സവിശേഷതകളുള്ള ഈ ഓട്ടോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവർന്നു.
നിരവധി കമന്റുകൾ ഈ "സുന്ദരി ഓട്ടോയ്ക്ക്' ലഭിക്കുകയുണ്ടായി. "സ്മാര്‍ട്ട് സിറ്റി ബംഗളൂരുവിലെ ഹൈടെക് ഓട്ടോ' എന്നാണൊരാള്‍ കുറിച്ചത്.