മഴയും അതിനാലുള്ള തണുപ്പും സാധാരണ സഹിക്കാന്‍ അല്‍പം പാടുള്ള കാര്യമാണ്. മനുഷ്യര്‍ക്ക് അവരവരുടെ വീടുകളിലേക്ക് കയറാനാകും. അതുമല്ലെങ്കില്‍ കയറിനില്‍ക്കാന്‍ കഴിയുന്ന ധാരാളം ഇടങ്ങള്‍ മനുഷ്യര്‍ക്കുണ്ട്.

എന്നാല്‍ പക്ഷികളും മൃഗങ്ങളും മിക്കപ്പോഴും ഈ മഴയില്‍ നനയാറാണ് പതിവ്. എന്നാല്‍ പോവ്സ്കീറ്റേര്‍സ് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ വന്നിരിക്കുന്ന വീഡിയോ ഇത്തരം സന്ദര്‍ഭങ്ങളിലെ കരുതലിനെയാണ് കാട്ടുന്നത്.

ദൃശ്യങ്ങള്‍ ആരംഭിക്കുന്നിടത്ത് ഒരു വീടിന്‍റെ ഗേറ്റ് തുറന്നുകിടക്കുന്നത് കാണാം. മുറ്റത്തായി മഴ പെയ്യുന്നതും മനസിലാക്കാം. കാമറ അകത്തേക്ക് നീങ്ങുമ്പോള്‍ വീടിനുള്ളലായി കിടക്കുന്ന നിരവധി തെരുവ് നായകളെ കാണാം.

ഈ നായകള്‍ സെറ്റിയിലും മറ്റുമായാണ് കിടക്കുന്നത്. വീഡിയോ പകര്‍ത്തുന്ന സ്ത്രീ അവയുടെ പേരുകള്‍ വെളിപ്പെടുത്തുന്നുണ്ട്. ഏറ്റവും ഒടുവിലായി അവര്‍ ഒരു നായയേയും അതിന്‍റെ കുഞ്ഞുങ്ങളെയും കാട്ടുകയാണ്.

സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയ വീഡിയോയ്ക്ക് നിരവധി കമന്‍റുകള്‍ ലഭിക്കുന്നുണ്ട്. "ഈ പ്രവൃത്തിയില്‍ താങ്കളെ പുകഴ്ത്താന്‍ എനിക്ക് വാക്കുകളില്ല’ എന്നാണൊരാള്‍ അഭിപ്രായപ്പെട്ടത്.