ഐഡി കൊള്ളാമായിരുന്നുട്ടോ! പക്ഷേ, ചെറുതായിട്ടൊന്നു പാളിപ്പോയി; കാമുകിയെ സ്യൂട്ടികേസിലാക്കി ഹോസ്റ്റലിൽ എത്തിക്കാൻ കാമുകന്റെ ശ്രമം
Saturday, April 12, 2025 2:37 PM IST
കാമുകികാമുകന്മാർ എന്തൊക്കെ റിസ്ക് എടുത്താലാണല്ലേ. വലിയൊരു റിസ്ക് എടുത്ത് പിടിക്കപ്പെട്ടിരിക്കുകയാണ് ഒരു കാമുകനും കാമുകിയും ഹരിയാനയിലെ സോനിപത്തിലെ സർവകാലാശയിലാണ് ഈ സംഭവം. പെൺകുട്ടിയെ സ്യൂട്ട് കേസിനുള്ളിലാക്കി പതിയെ ആൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് കൊണ്ടു പോകുകയായിരുന്നു. പക്ഷേ, മിഷൻ വിജയകരമായി പൂർത്തിയാക്കാനായില്ല. ബാഗ് ബന്പിൽ തട്ടിയപ്പോൾ പെൺകുട്ടിക്കു വേദനിച്ചു. വേദനിച്ചാൽ എന്തു ചെയ്യാൻ കരഞ്ഞു.
ഒരു പെൺകുട്ടിയുടെ ശബ്ദമല്ലേ എന്നു ഞെട്ടലോടെതിരിച്ചറിഞ്ഞ ഹോസ്റ്റൽ ഗാർഡുകൾ ആൺകുട്ടിയെതടഞ്ഞു നിർത്തി. ബാഗൊന്നു പരിശോധിച്ചു. ദേ, ബാഗിനുള്ളിൽ ഇരിക്കുന്നു ഒരു പെൺകുട്ടി. എന്തായാലും വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
പെൺകുട്ടിയും ഇതേ കാംപസിലെ വിദ്യാർഥിനിയാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. സർവകലാശാലയും ഇത് സംബന്ധിച്ച് പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധിപ്പേരാണ് കമന്റുമായി എത്തിയിട്ടുള്ളത്.
തനിക്കു ഇതൊന്നു ചെയ്തു നോക്കണമെന്നുണ്ടായിരുന്നു പക്ഷേ, പ്രായം കഴിഞ്ഞു പോയി എന്നാണ് ഒരാൾ പറഞ്ഞത്. തങ്ങൾ പഠിച്ചപ്പോഴും ഇതുപോലൊന്നു നടന്നിട്ടുണ്ടെന്നും ഒരാൾ കമന്റ് ചെയ്തു.