കണ്ണിലേക്ക് ലൈറ്റ് അടിക്കാതെടെ, ഒന്നുമല്ലേലും ഞാനൊരു സിംഹമല്ലേ
Saturday, April 5, 2025 4:14 PM IST
നാട്ടിൽ പുലിയും കടുവയുമൊക്കെ ഇറങ്ങുന്നത് സ്വാഭാവികമാണിപ്പോൾ. പല ജീവികളും ആളുകളുടെ ജീവനും സ്വത്തിനും ഭീഷണിയാണ്. പലർക്കും ഈ വന്യജീവികളുടെ ഭീഷണി മൂലം നാടും വീടും വിട്ട് പോകേണ്ടതായി വരെ വന്നിട്ടുമുണ്ട്.
പക്ഷേ, കഴിഞ്ഞ ദിവസം ഗുജറാത്തിലെ അമ്റേലിയിലെ ഒരു വീട്ടിലെ അടുക്കളയിൽ കയറിയിരുന്നത് ആനയോ, കുരങ്ങനോ, പുലിയോ ഒന്നുമല്ല. സാക്ഷാൽ ഒരു സിംഹം. എന്തായാലും അടുക്കള ഭിത്തിയിൽ ഇരിക്കുന്ന സിംഹത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
പന്ത്രണ്ട് അടിക്കു മുകളിലായി ഉയരം വരുന്ന അടുക്കള ഭിത്തിയിലാണ് ആശാനിരുന്നത്. രാത്രിയിൽ നിന്നും പതിവില്ലാത്ത മുരൾച്ചയും ഒച്ചയുമൊക്കെ കേട്ടപ്പോൾ വീട്ടുകാർ ആദ്യം കരുതിയത് അത് വല്ല പൂച്ചയുമായിരിക്കുമെന്നാണ്. പക്ഷേ, എന്തോ ഒരു സംശയം തോന്നി വീട്ടുകാരൊന്നു ടോർച്ചടിച്ചു നോക്കി. കണ്ട കാഴ്ച്ച കണ്ടു ഞെട്ടി. ഒരു സിംഹം ഇരിക്കുന്നു.
വീട്ടുകാരുടനെ അധികൃതരെ വിവരമറിയിച്ചു. ആദ്യമായല്ല അമ്റേലിയിൽ വന്യമൃഗങ്ങൾ എത്തുന്നത്. അടുത്തുള്ള വനത്തിൽ നിന്നായിരിക്കാം സിംഹം എത്തിയതെന്നാണ് കരുതുന്നത്.