എന്താ വെറൈറ്റിയല്ലേ... നിരത്തിൽ ബെഡ് കാറുമായി യുവാവ്
Thursday, April 3, 2025 2:57 PM IST
വഴിയിലൂടെ ഓടിക്കൊണ്ടിരിക്കുന്ന ഒരു കിടക്ക കണ്ടാൽ എന്തു തോന്നും. ആഹാ ഇതെന്ത് ഭ്രാന്ത് എന്നായിരിക്കും അല്ലേ ആദ്യ ചിന്ത. പക്ഷേ, സംഭവം ഉള്ളതാന്നേ. സമൂഹ മാധ്യമങ്ങളിൽ സംഭവം വൈറലുമാണ്.
പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ നിന്നുള്ള ഒരാളാണ് ഇതിനു പിന്നിൽ. തന്റെ കാറിനെ "ബെഡ്-കാർ" ആക്കി മാറ്റിക്കൊണ്ട് ക്രിയേറ്റിവിറ്റിയെ അൽപ്പം ഉയർന്ന തലത്തിലേക്കു കൊണ്ടു പോയത്. കിടക്കയാണ് ഒപ്പം തെരുവുകളിൽ ഓടിക്കാൻ കഴിയുന്ന ഒരു വാഹനം.
ഈ അതുല്യമായ കണ്ടുപിടുത്തം കണ്ട് സമൂഹമാധ്യമങ്ങളിലുള്ളവരുടെ ഞെട്ടൽ ഇനിയും മാറിയിട്ടില്ലെന്നാണ് കമന്റുകൾ സൂചിപ്പിക്കുന്നത്. വീഡിയോയിൽ, ഒരു കിടക്ക അതിവേഗ വാഹനമായി രൂപാന്തരപ്പെട്ട് റോഡുകളിലൂടെ കടന്നുപോകുന്നു. ചക്രങ്ങൾ, മോട്ടോർ, സ്റ്റിയറിംഗ് എന്നിവയെല്ലാമുണ്ട്.
ഈ ഹൈബ്രിഡ്-ബെഡ് കാർ നിരത്തിലൂടെ അനായാസമായാണ് നീങ്ങുന്നത്. മാത്രവുമല്ല വഴിയിലെ മറ്റു വാഹനങ്ങളെ കടന്നു പോകാൻ അനുവദിക്കുകയും ആർക്കും തടസം സൃഷ്ടിക്കുകയും ചെയ്യുന്നുമില്ല.
പ്രശാന്ത് കൗശിക് എന്ന വ്യക്തിയാണ് വീഡിയോ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചിരിക്കുന്നത്.
എന്തായാലും ഈ വൈറൈറ്റി വീഡിയോ 1.5 ദശലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു. ഈ അസംബന്ധമൊന്നും പോലീസുകാർ കാണുന്നില്ലേയെന്നുള്ള നിരവധി ചോദ്യങ്ങളാണ് വീഡിയോയ്ക്കു താഴെ കമന്റായിഎത്തുന്നത്.