അവധി കിട്ടിയില്ലേ? ഒരു അപകടമങ്ങ് സൃഷ്ടിക്കൂ;ഇൻഫ്ളുവറൻസുടെ മേക്കപ് ടിപ്സ് വൈറൽ
Wednesday, April 2, 2025 4:20 PM IST
ജോലിക്കു പോകുന്നവർക്ക് പലപ്പോഴും മാസം കിട്ടുന്ന രണ്ട് മൂന്നോ അവധിയൊന്നും തികയാതെവരും. ചിലപ്പോൾ അവധി ചോദിക്കുന്പോഴെ ചീഫിന്റെ വഴക്കു കേൾക്കേണ്ടി വരും അതുകൊണ്ട് അവധി ചോദിക്കാതിരിക്കുന്നവരും നിരവധിയാണ്.
പിന്നെ കള്ളം പറഞ്ഞോ മറ്റെന്തെങ്കിലും ഒഴിവുകഴിവുകൾ പറഞ്ഞോ അവധി മേടിക്കും. പക്ഷേ, അത് അത്ര നല്ല പ്രവർത്തിയല്ലാ എന്നറിയുന്നവർ ആ മാർഗവും ഒഴിവാക്കും. അങ്ങനെയൊരു കുറ്റബോധമില്ലാത്തവർക്ക് അനുകരിക്കാവുന്ന ഒരു മാതൃക സോഷ്യൽ മീഡിയയിൽ വൈറലാണ്.
അവധിക്കായി അപകടത്തിൽപ്പെട്ടു എന്ന കള്ളം പറയാനും മുറിവുകൾ എങ്ങനെ വ്യാജമായി ഉണ്ടാക്കാം എന്നതിനെക്കുറിച്ചുള്ള ഒരു വീഡിയോ ട്യൂട്ടോറിയൽ പങ്കിട്ടുകൊണ്ട് പൂനെ ആസ്ഥാനമായുള്ള ഒരു ഇൻഫ്ലുവൻസറാണ് വൈറലായിരിക്കുന്നത്.
വീഡിയോ രസകരമായി തോന്നിയെങ്കിലും, ജോലിസ്ഥലത്ത് സത്യസന്ധതയില്ലായ്മയും അധാർമ്മിക പെരുമാറ്റവും പ്രോത്സാഹിപ്പിക്കുന്ന രീതിയാണിതെന്നു പലരും കമന്റ് ചെയ്തിട്ടുണ്ട്.
ഐടി മാനേജർമാർ കാണരുത് എന്ന മുന്നറിയപ്പോടെയാണ് പ്രീതം ജുസാർ കോത്തവാല വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഉള്ളടക്കം വിനോദത്തിനായി മാത്രമുള്ളതാണെന്നും അവർ പറയുന്നുണ്ട്. അവധി ലഭിക്കാൻ പാടുപെടുന്ന ഐടി പ്രൊഫഷണലുകളെ ലക്ഷ്യം വച്ചുള്ള വീഡിയോ പെട്ടെന്ന് വൈറലായി.കാഴ്ചക്കാരുടെ അഭ്യർത്ഥനകൾ മാനിച്ച് ജോലിയിൽ തിരിച്ചെത്തുമ്പോൾ അപകടം നടന്നു എന്ന മിഥ്യാധാരണ നിലനിർത്താൻ കൃത്രിമ പാടുകൾ എങ്ങനെ പുതുക്കാമെന്ന് കാണിക്കുന്ന ഒരു ഫോളോ-അപ്പ് വീഡിയോയും കോത്തവാല സൃഷ്ടിച്ചു.
"നിങ്ങളുടെ അവധി കഴിയുമ്പോൾ ഇതാ എന്റെ ഹാക്ക്" എന്ന് പറഞ്ഞുകൊണ്ടാണ് അവർ തന്റെ സൃഷ്ടിപരമായ കഴിവുകൾ പങ്കുവെച്ചിരിക്കുന്നത്. വ്യാജ പാടുകൾ ബോധ്യപ്പെടുത്താൻ മേക്കപ്പ് എങ്ങനെ വീണ്ടും പ്രയോഗിക്കാമെന്നും വിശദമായി അവർ പറയുന്നുണ്ട്.