"ആഹാ എന്തു രസമായിട്ടാ ഡാൻസ് ചെയ്യുന്നേ'! കാനഡക്കാരി ടീച്ചറുടെ പഞ്ചാബി നൃത്തത്തിന് സോഷ്യൽ മീഡിയയുടെ കൈയ്യടി
Wednesday, April 2, 2025 2:48 PM IST
നൃത്തവും സംഗീതവുമൊക്കെ രാജ്യാതിർത്തികൾ കടന്ന് സ്വതന്ത്രമായി സഞ്ചിരിക്കുകയും ആരാധകരുടെ മനസുകളിലേക്ക് ചുമ്മാതങ്ങ് കയറിപ്പറ്റുകയും ചെയ്യും. ഭാഷ, ദേശം ഇതൊന്നും അവിടെ വിഷയമേയല്ല. പഞ്ചാബി സംഗീതത്തിന് ചുവടുവെയ്ക്കുന്ന കാനഡക്കാരി ടീച്ചർ ഇത് ഒന്നൂടെ ഉറപ്പിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരെ സൃഷ്ടിച്ച വൈറൽ ഡാൻസ് പ്രത്യക്ഷപ്പെട്ടത്. അവർക്ക് വേണ്ടി ബോളിവുഡ് റെഡിയാണ് എന്നായിരുന്നു വീഡിയോ കണ്ട ഒരു കാഴ്ച്ചക്കാരന്റെ കമന്റ്.
ലോയ ഫ്രീഡ്‍ഫിൻസൺ കാനഡയില്‍ ബിസിനസ് ആന്റ് മാര്‍ക്കറ്റിംഗ് ട്രെയിനിംഗ് ടീച്ചറാണ്. കോഴ്സ് തീരുന്നതുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ സാംസ്കാരിക പരിപാടികൾ നടത്തുന്നുണ്ട്. അന്ന് അവതരിപ്പിക്കാനുള്ള നൃത്തത്തിന്റെ റിഹേഴ്സലാണ് വൈറലായത്.പഞ്ചാബി ഗായകൻഅമരീന്ദർ ഗില്ലിന്റെ വഞ്ജലി വാജ എന്ന പാട്ടിനാണ് ചുവടു വെച്ചത്.
ആക്റ്റീവ്8 എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നുമാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ബിസിഐടി കണ്‍സ്യൂമർ ബിഹേവിയർ കോഴ്സിലെ കുട്ടികളുടെ ആഘോഷത്തിന്റെ ഭാഗമായി തന്റെ വിദ്യാര്‍ത്ഥി പ്രബ്നൂരില് നിന്നും ചില പഞ്ചാബി നൃത്തച്ചുവടുകൾ പഠിച്ചു എന്നും ലോയ വീഡിയോ പങ്കുവച്ച് കൊണ്ട് എഴുതിയിട്ടുണ്ട്.