ഭാര്യ ഗതാഗതക്കുരുക്ക് സൃഷ്ടിച്ച് നൃത്തം ചെയ്തു; ഭർത്താവിന് സസ്പെൻഷൻ
Wednesday, April 2, 2025 10:25 AM IST
ഇത് റീലുകളുടെ കാലമാണ്. ഒപ്പം വൈറലാകാനുള്ള ശ്രമത്തിന്റെയും. അതിനു വേണ്ടി എന്തും ചെയ്യും. പരിസരം പോലും നോക്കാതെ നൃത്തം ചെയ്യുകയും പാട്ടുപാടുകയും വിവിധ ചലഞ്ചുകൾ ചെയ്യുകയും ഒക്കെ ചെയ്യുന്നവരുണ്ട്. അങ്ങനെ വൈറലാകാൻ നോക്കി ഭർത്താവിന്റെ പണി കളഞ്ഞ ഒരു യുവതിയും സോഷ്യൽ മീഡിയയിൽ വൈറലാണ്.
യുവതി റോഡിൽ നിന്നു നൃത്തം ചെയ്തതാണ് പൊലീസ് ഉദ്യോഗസ്ഥനായ ഭർത്താവിന്റെ പണി പോകാൻ കാരണമായത്. സീബ്ര ക്രോസിംഗിലാണ് നൃത്തം ചിത്രീകരിച്ചത്. ചണ്ഡീഗഢിൽ നിന്നുള്ള പൊലീസ് കോൺസ്റ്റബിളിനാണ് സസ്പെൻഷൻ ലഭിച്ചത്. സീബ്രാ ക്രോസിംഗിൽ നൃത്തം ചെയ്താണ് യുവതി നഗരത്തിൽ ഗതാഗതക്കുരുക്കാണ് സൃഷ്ടിച്ചത്.
ചണ്ഡീഗഢിലെ സെക്ടർ 19 പൊലീസ് സ്റ്റേഷനിലാണ് അജയ് കുണ്ടു എന്ന പൊലീസുകാരൻ ജോലി ചെയ്യുന്നത്. ഇയാളുടെ ഭാര്യ ജ്യോതി മാർച്ച് 22 നാണ് സീബ്ര ക്രോസിംഗിൽ നൃത്തം ചെയ്യുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായതോടെയാണ് ഭർത്താവും വിവാദങ്ങളിൽ പെട്ടത്.
ഗതാഗതക്കുരുക്ക് സൃഷ്ടിക്കുകയും കാൽനട യാത്രക്കാർക്കു പോലും ബുദ്ധിമുട്ടുണ്ടാകുകയും ചെയ്തെങ്കിലും ജ്യോതിയും കൂടെയുണ്ടായിരുന്നയാളും അതൊന്നും ശ്രദ്ധിക്കാതെ റീൽ ചിത്രീകരണം തുടർന്നു. നൃത്തം വൈറലായതോടെ പൊലീസിന്റെ ശ്രദ്ധയിലും വീഡിയോ എത്തി. നൃത്തം ഗുരുതരമായ ഗതാഗത തടസ്സം സൃഷ്ടിച്ചതോടെയാണ് നടപടിയെടുക്കാൻ അധികൃതർ തീരുമാനിച്ചത്.